നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വധ ഭീഷണി ഉയർത്തിയെന്ന കുറ്റം ആരോപിച്ചു അരിസോണ നിവാസി മാനുവൽ തമായോ-ടോറസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ട്രംപിനെയും കുടുംബത്തെയും വധിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനാണ് അറസ്റ്റ്. അടുത്ത മാസങ്ങളിലായി ഇയാൾ ഇത്തരം നിരവധി വിഡിയോകൾ ഫേസ്‌ബുക്കിൽ കയറ്റിയെന്നു എ ബി സി ന്യൂസ് പറഞ്ഞു.
അതിലൊന്നിൽ 30 റൌണ്ട് തിര നിറച്ച എആർ-15 സ്റ്റൈൽ റൈഫിൾ എന്തിയിട്ടുണ്ട് അയാൾ.
"നിങ്ങൾ മരിക്കാൻ പോകുന്നു," കഴിഞ്ഞ വ്യാഴാഴ്ച പോസ്റ്റ് ചെയ്ത വിഡിയോയിൽ തമായോ-ടോറസ് പറഞ്ഞു. "നിങ്ങളുടെ കുടുംബം ഒന്നടങ്കം മരിക്കാൻ പോകുന്നു. ഇതാണ് യാഥാർഥ്യം.
ഭാവിയിൽ നിങ്ങൾക്കുള്ള ഒരേയൊരു യാഥാർഥ്യം: മരിക്കുക."ട്രംപിനെ ഭീഷണിപ്പെടുത്തി എന്നതിനു പുറമെ ആയുധം വാങ്ങാൻ നുണ പറഞ്ഞത് ഉൾപ്പെടെ കുറ്റങ്ങൾ പലതാണ്.ട്രംപ് തന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോയി ലൈംഗിക കച്ചവടത്തിന് ഉപയോഗിക്കുന്നു എന്നാണ് തമായോ-ടോറസ് ആരോപിക്കുന്നത്.
ഓഗസ്റ്റ് 23നു ഒരു വീഡിയോ പോസ്റ്റ് ചെയ്തത് അരിസോണ ഗ്ലെൻഡൈലിൽ ഡെസേർട് ഡയമണ്ട് ഏരിയയിൽ നിന്നാണ്. അന്ന് ട്രംപ് അവിടെ റാലി നടത്തിയിരുന്നു. തിങ്കളാഴ്ച സാൻ ഡിയാഗോയ്ക്കു സമീപമാണ് തമായോ-ടോറസ് അറസ്റ്റ് ചെയ്യപ്പെട്ടത്. കുറ്റങ്ങൾ ചുമത്തിയിട്ടുള്ളത് അരിസോണ കോടതിയിലാണ്.