/sathyam/media/media_files/2025/08/26/vvc-2025-08-26-03-41-14.jpg)
ഗാസയിൽ കൂടുതൽ ശക്തമായ ആക്രമണം നടത്തി ഗാസ സിറ്റി കീഴടക്കാനുള്ള നീക്കം മാറ്റിവച്ചു ബന്ദികളെ വിട്ടുകിട്ടാൻ ഹമാസുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാൻ ഇസ്രയേലി സേന ഐ ഡി എഫിന്റെ മേധാവി ലെഫ്. ജനറൽ എയക് സമീർ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു. ഖത്തറും ഈജിപ്തും ചേർന്ന് നിർദേശിച്ച വെടിനിർത്തൽ നടപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ ഐ ഡി എഫ് നിർദേശം അവഗണിച്ചു കൂടുതൽ രൂക്ഷമായ ആക്രമണത്തിനാണ് നെതന്യാഹു ആവശ്യപ്പെടുന്നത്. ഞായറാഴ്ച്ച ഗാസ സിറ്റിയിൽ ആയിരം കെട്ടിടങ്ങൾ നിലം പരിശായിട്ടുണ്ട്. 72 പേരെങ്കിലും കൊല്ലപ്പെട്ടു. പട്ടിണി മരണങ്ങൾ തുടരുകയുമാണ്.
ബന്ദികളെ മോചിപ്പിക്കാൻ ഐ ഡി എഫ് ഉണ്ടാക്കിയ ധാരണ നെതന്യാഹുവിന്റെ മേശപ്പുറത്തു ഇരിപ്പുണ്ടെന്നു സമീർ പറഞ്ഞു. "നമ്മൾ അത് സ്വീകരിക്കണം. അത് സാധ്യമാക്കാൻ വേണ്ട സാഹചര്യങ്ങൾ ഐ ഡി എഫ് സൃഷ്ടിച്ചു. പക്ഷെ തീരുമാനം നെതന്യാഹുവിന്റെ കൈയിലാണ്."
ജീവനോടെയുള്ള 20 പേർ ഉൾപ്പെടെ 50 ബന്ദികളെയും വിട്ടു കിട്ടുകയും യുദ്ധം അവസാനിക്കയും ചെയ്യുന്ന കരാർ ഇസ്രയേലി ജനത ആഗ്രഹിച്ച പോലെയുള്ള സമഗ്രമായ ധാരണയിൽ നിന്നുണ്ടായതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അധികാരത്തിൽ തുടരാൻ വേണ്ടി നെതന്യാഹു തീവ്ര വലതു പക്ഷത്തിനു വഴങ്ങുകയാണെന്നു നിരീക്ഷകർ പറയുന്നു. പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്സ് വെള്ളിയാഴ്ച്ച അംഗീകരിച്ച പദ്ധതി അനുസരിച്ചു ഗാസയിൽ ബോംബിംഗ് അതിശക്തമാക്കിയിരിക്കയാണ്.
തിങ്കളാഴ്ച്ച രാവിലെ തെക്കൻ ഗാസയിലെ നാസർ ഹോസ്പിറ്റലിൽ നടന്ന ബോംബാക്രമണത്തിൽ നാലു മാധ്യമ പ്രവർത്തകർ ഉൾപ്പടെ 19 പേർ കൊല്ലപ്പെട്ടു. റോയിട്ടേഴ്‌സ്, അൽ ജസീറ എന്നിവയുടെ ഫോട്ടോഗ്രാഫർമാർ മരിച്ചവരിൽ ഉൾപ്പെടുന്നു.
ഭക്ഷണമില്ലാത്തതിനാൽ ഗാസയിൽ മരിച്ചവരുടെ എണ്ണം 300 കവിഞ്ഞുവെന്നു ആരോഗ്യ വകുപ്പ് അറിയിച്ചു.