ഏഷ്യൻ അമേരിക്കക്കാർക്ക് യുഎസിനോടുള്ള കൂറ് സംശയകരമാണെന്ന് നാലിൽ പരം അമേരിക്കക്കാർ വിശ്വസിക്കുന്നുവെന്ന് പുതിയ സർവേയുടെ കണ്ടെത്തൽ. ദി ഏഷ്യൻ അമേരിക്കൻ ഫൗണ്ടേഷൻ (TAAF) നടത്തിയ 2025 ലെ സ്റ്റാറ്റസ് സൂചികയിലാണ് ഈ വിവരങ്ങൾ ഉള്ളത്. ഇത് 2021 ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടിയോളം വർധനവാണ് കാണിക്കുന്നത്. "സ്ഥിര താമസക്കാരല്ലാത്ത വിദേശികൾ" എന്ന ചിന്താഗതി സമൂഹത്തിൽ വർധിച്ചു വരുന്നതിൻ്റെ സൂചനയാണിത്.
സർവേയിൽ പങ്കെടുത്ത ഏതാണ്ട് പകുതി അമേരിക്കക്കാരും ഏഷ്യൻ അമേരിക്കക്കാരോട് നീതി പുലർത്തുന്നു എന്ന് അഭിപ്രായപ്പെട്ടപ്പോൾ, 63% ഏഷ്യൻ അമേരിക്കക്കാരും തങ്ങൾക്ക് സുരക്ഷിതത്വം തോന്നുന്നില്ലെന്നും വിവേചനം ഭയപ്പെടുന്നുവെന്നും പറഞ്ഞു. കൂടാതെ, നാലിലൊന്ന് അമേരിക്കക്കാർ ചൈനീസ് അമേരിക്കക്കാരെ ദേശീയ സുരക്ഷാ ഭീഷണിയായി കാണുന്നു. പത്തിൽ നാല് പേർ വിദേശ പൗരന്മാർ ഭൂമി വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുന്ന നിയമങ്ങളെ പിന്തുണയ്ക്കുന്നു.
ഏഷ്യൻ അമേരിക്കക്കാർ കഠിനാധ്വാനികളും ബുദ്ധിയുള്ളവരുമാണെങ്കിലും അവർക്ക് നേതൃത്വ ശേഷിയില്ല എന്ന പൊതുധാരണ നിലനിൽക്കുന്നു. എന്നിരുന്നാലും, 80% ത്തോളം അമേരിക്കക്കാർ ഏഷ്യൻ അമേരിക്കൻ സമൂഹത്തിൻ്റെ സുരക്ഷയും ഉൾക്കൊള്ളലും ഉറപ്പാക്കുന്ന നയങ്ങളെ പിന്തുണയ്ക്കുന്നു. 41% പേർ സ്കൂൾ പാഠ്യപദ്ധതിയിൽ ഏഷ്യൻ അമേരിക്കൻ ചരിത്രം ഉൾപ്പെടുത്തുന്നതിനെയും അനുകൂലിക്കുന്നു.
ടി എ എ എഫ് സിഇഒ നോർമൻ ചെന്നിൻ്റെ അഭിപ്രായത്തിൽ, ഈ കണ്ടെത്തലുകൾ ഏഷ്യൻ അമേരിക്കൻ സമൂഹത്തിൻ്റെ സുരക്ഷയെയും അവർക്ക് ഈ രാജ്യത്തോടുള്ള മനോഭാവത്തെയും പ്രതികൂലമായി ബാധിക്കുന്ന ഒരു"വേദനയുണ്ടാക്കുന്ന അകൽച്ചയാണ്".ജനുവരി 22 നും ഫെബ്രുവരി 25 നും ഇടയിൽ 4,909 യുഎസ് മുതിർന്നവരിൽ നടത്തിയ ഓൺലൈൻ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.