യുഎസ് സമ്പദ് വ്യവസ്ഥ ഉഷാറാക്കാൻ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസ് നൽകിയ ഉറപ്പുകളിൽ ഭവന പദ്ധതി ജനപ്രീതി നേടുമെന്നു വിലയിരുത്തൽ. പല കാര്യങ്ങളും വിശദമായി പറയാതെ പോയ ഹാരിസ് പാർപ്പിട നിർമാണ പദ്ധതിയുടെ വിശദാംശങ്ങൾ പക്ഷെ നൽകിയിട്ടുമുണ്ട്.
വീട് വാങ്ങുക എന്നത് ഏറ്റവും കഠിനമായിത്തീർന്ന കാലഘട്ടത്തിൽ സാധാരണക്കാരുടെ ആവശ്യം അറിഞ്ഞു കൊണ്ടുവന്ന പദ്ധതിയാണിതെന്നു കരുതപ്പെടുന്നു. പുതിയ വീടുകളുടെ നിർമാണത്തിനു സഹായിക്കുകയും വീടുകൾ കുറഞ്ഞ തുകയ്ക്ക് ലഭ്യമാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്. "അമേരിക്കയുടെ പാർപ്പിട ക്ഷാമം ഞങ്ങൾ പരിഹരിക്കും," ഹാരിസ് പറഞ്ഞു. പാർപ്പിട ചെലവ് കുറയ്ക്കാമെന്നു ഡൊണാൾഡ് ട്രംപും പറയുന്നുണ്ട്. എന്നാൽ ചെലവ് കുറഞ്ഞ വീടുകളുടെ നിർമാണത്തിനു പ്രാദേശികമായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെ അദ്ദേഹം ന്യായീകരിക്കുന്നു.
വോട്ടർമാർക്ക് ഭവന നിർണാമ ചെലവുകൾ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ വിഷയമാണെന്ന് മേയിൽ റോയിട്ടേഴ്‌സ്/ഇപ്‌സോസ് പോളിങ്ങിൽ കണ്ടിരുന്നു. 2007-2009 സാമ്പത്തിക മാന്ദ്യ കാലത്തു തകർന്നു പോയ ഭവന മേഖല പിന്നീട് പൂർണമായി ഉണർന്നിട്ടില്ല. യുഎസിൽ 2.9 മില്യൺ ഹൗസിംഗ് യൂണിറ്റുകളുടെ കുറവുണ്ട് എന്നാണ് മൂഡിസ് അനാലിറ്റിക്കൽസിന്റെ കണക്ക്.നാലു വർഷത്തിനകം മൂന്ന് മില്ല്യൺ യൂണിറ്റുകൾ ആണ് ഹാരിസ് വാഗ്‌ദാനം ചെയ്യുന്നത്.
കോവിഡ് കാലത്തു ക്ഷാമം മൂലം നിർമാണ സാമഗ്രികളുടെ ചെലവ് കുതിച്ചുയർന്നു. കഴിഞ്ഞ അഞ്ചു വർഷത്തിൽ ഭവന വിലകൾ 50% വർധിച്ചു. വാടകയിൽ 35% വർധന ഉണ്ടായി.ഹാരിസിന്റെ പദ്ധതി വോട്ടർമാരെ ആകർഷിക്കുമെന്നു ഡെമോക്രാറ്റിക് തന്ത്രങ്ങൾ ആവിഷ്കരിച്ചവർ വിശ്വസിക്കുന്നു.