വാഷിങ്ടണ്‍: അപകടകാരിയായ ഫംഗസിനെ അമെരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ച 2 ചൈനീസ് ഗവേഷകര്‍ എഫ്ബിഐ അറസ്ററില്‍. യുഎസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകയായ യുങ് കിങ് ജിയാന്‍ (33), ചൈന സര്‍വകലാശാലയില്‍ ഗവേഷകനായ സുയോങ് ലിയു (34) എന്നിവരാണ് പിടിയിലായത്. അറസ്ററിലായ രണ്ടുപേരും ഈ ഫംഗസിനെ സംബന്ധിച്ചുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തിവന്നിരുന്നുവെന്ന് എഫ്ബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഡിട്രോയിറ്റ് മെട്രൊപൊളിറ്റന്‍ വിമാനത്താവളം വഴിയാണ് ഇയാള്‍ യുഎസിലെത്തിയത്. കാര്‍ഷികവിളകള്‍ക്ക് വന്‍ നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ് ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇരുവരും അമെരിക്കയിലേക്ക് കടത്തിയതെന്നാണ് എഫ്ബിഐ പുറത്തുവിട്ട വിവരം. 'ഫ്യൂസേറിയം ഗ്രാമിന്യേറം' എന്ന ഈ ഫംഗസിനെ കാര്‍ഷികതീവ്രവാദത്തിന് ആയുധമായി വരെ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും എഫ്ബിഐ തലവന്‍ കാഷ് പട്ടേല്‍ പറയുന്നു. കാര്‍ഷികവിളകള്‍ക്ക് നാശമുണ്ടായാല്‍ അത് കോടിക്കണക്കിന് രൂപയുടെ നഷ്ടമാകും രാജ്യത്തിനുണ്ടാക്കുക.
കാര്‍ഷികവിളകള്‍ക്ക് നാശം വിതയ്ക്കുന്ന ഈ വൈറസ് മനുഷ്യരിലും കന്നുകാലികളിലും ഒരുപോലെ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കും. മനുഷ്യര്‍ക്ക് ഛര്‍ദി, കരളിന് തകരാര്‍ തുടങ്ങിയവയുണ്ടാകാന്‍ സാധ്യതയുണ്ട്. അറസ്ററ് ചെയ്യപ്പെട്ട യുങിങ് ജിയാന്‍ ചൈനീസ് കമ്മ്യൂണിസ്ററ് പാര്‍ട്ടി അനുഭാവിയാണ് എന്നതിനും ഈ ഫംഗസ് ഉള്‍പ്പെട്ടിട്ടുള്ള ഗവേഷണത്തിനായി ചൈന പണം നല്‍കുന്നതിനും തെളിവുകള്‍ ലഭിച്ചതായും കാഷ് പട്ടേല്‍ പറഞ്ഞു.
നിലവില്‍ എഫ്ബിഐയും യുഎസ് കസ്ററംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനും കേസില്‍ അന്വേഷണം നടത്തിവരികയാണ്. ഗൂഢാലോചന, യുഎസിലേക്കുള്ള കള്ളക്കടത്ത്, വിസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.