Advertisment

യുഎസുമായി ചർച്ച നടത്തണമെന്ന ട്രംപിന്റെ ആവശ്യം ആയത്തൊള്ള ഖമെയ്‌നി തള്ളി

New Update
nsandksand

യുഎസുമായി കൂടിയാലോചനകൾ നടത്തണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആവശ്യം ഇറാന്റെ ആധ്യാത്മിക പരമാധികാരി ആയത്തൊള്ള അലി ഖമെയ്‌നി തള്ളിക്കളഞ്ഞു. ഖമെയ്‌നിക്കു താൻ കത്തയച്ചു എന്ന ട്രംപിന്റെ വെളിപ്പെടുത്തലിനു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

"വിരട്ടി കാര്യം നേടാം എന്നു കരുതുന്ന ചില ഗവൺമെന്റുകൾ ചർച്ചയ്ക്കു വിളിക്കുന്നത് പ്രശ്നങ്ങൾ പരിഹരിക്കാനല്ല. അവരുടെ ആവശ്യങ്ങൾ അടിച്ചേൽപിക്കാനും മേധാവിത്വം സ്ഥാപിക്കാനുമാണ്," ടെഹ്റാനിൽ ഉദ്യോഗസ്ഥന്മാരോട് സംസാരിച്ച ഖമെയ്‌നി പറഞ്ഞു. "ഇസ്ലാമിക റിപ്പബ്ലിക്ക് അവരുടെ ആവശ്യങ്ങൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ല."

ട്രംപിന്റെ കത്തൊന്നും കിട്ടിയില്ലെന്നു ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു.

ഇറാനെ സൈനികമായി നേരിടാമെന്നും ട്രംപ് പറഞ്ഞിട്ടുണ്ടെന്ന് ഖമെയ്‌നിയുടെ പ്രതികരണത്തിനു ശേഷം വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. "ഭീകരതയെക്കാൾ ജനങ്ങളുടെ താല്പര്യം ഇറാൻ ഭരണകൂടം ഉയർത്തിപ്പിടിക്കുമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു," വൈറ്റ് ഹൗസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ബ്രയാൻ ഹ്യുഗസ് പറഞ്ഞു.

ആണവ പരിപാടി മാത്രമല്ല യുഎസിനു വിഷയമെന്നു ഖമെയ്‌നി പറഞ്ഞു. "അവർ പുതിയ പുതിയ ആവശ്യങ്ങൾ ഉന്നയിക്കും. പ്രതിരോധ സംവിധാനം പരിമിതപ്പെടുത്തണം എന്നതുൾപ്പെടെ. ആരോട് മിണ്ടാം, എന്തൊക്കെ ചെയ്യാം എന്നതിനും അവർ പരിധികൾ കൊണ്ടുവരും. അതൊന്നും സ്വീകരിക്കാനോ അനുസരിക്കാനോ ഇറാനെ കിട്ടില്ല."





 

 

 

Advertisment