അയ്യപ്പ സേവാസംഘം ന്യൂയോർക്കിന്റെ മണ്ഡലകാല മഹോത്സവം ഗംഭീരമായി

New Update
WhatsApp Image 2026-01-02 at 3.58.48 PM (1)

ന്യൂയോർക്ക്: അയ്യപ്പ സേവാ സംഘം ആണ്ടു തോറും നടത്തിവരാറുള്ള മണ്ഡലകാല സമാപനം 2025 ഡിസംബർ 28 ഞായറാഴ്ച വിവിധങ്ങളായ കലാപരിപാടികളോടെ മഹോത്സവമായി നടത്തപ്പെട്ടു. ഗ്ലെൻ ഓക്സിലുള്ള ഹനുമാൻ മന്ദിർ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.30 ന് ആരംഭിച്ച അയ്യപ്പ പൂജ, നെയ്യഭിഷേകം, അർച്ചന, പുഷ്പാലങ്കാരം, പടിപൂജ എന്നിവയോടെ 6 മണിക്ക് മഹാദേവൻ ശർമ്മയുടെയും ഡോ ഉണ്ണിക്കൃഷ്ണൻ തമ്പിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ഭക്തിനിർഭരമായി പര്യവസാനിച്ചു.

Advertisment

WhatsApp Image 2026-01-02 at 3.59.39 PM (1)

6 മണിക്ക് അനിത കൃഷ്ണ (ന്യൂജേഴ്സി) യുടെ നേതൃത്വത്തിൽ ഗാനാഞ്ജലി എന്ന സംഗീത സദസ്സ് ആരംഭിച്ചു. അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പ് പങ്കെടുത്ത കലാകാരന്മാരെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. അനിത കൃഷ്ണയോടൊപ്പം ജ്യോതി സതീഷ് (ഡിട്രോയിറ്റ്), നന്ദിത വെളുത്താക്കൽ (ഡിട്രോയിറ്റ്), പ്രേം കൃഷ്ണൻ (ന്യൂയോർക്ക്) എന്നിവരാണ് ഗാനാലാപനത്തിൽ പങ്കെടുത്തത്. ശ്രുതിമധുരമായ ഗാനാലാപനത്തിന് പക്കമേളമായി തബല – തീപൻ സ്വാമി (NY), ഗിഞ്ചറ – കൃഷ്ണൻ (NJ), ഫ്ലൂട്ട് – സതീഷ് മമ്പടത്ത് (ഡിട്രോയിറ്റ്), മൃദംഗം – കബിലൻ ജഗന്നാഥൻ (NY), പെർക്കഷൻ സപ്പോർട്ട് & മൃദംഗം – സതീഷ് കാലാത്ത് (NY), എന്നിവരായിരുന്നു. ഒന്നര മണിക്കൂർ നീണ്ടുനിന്ന ഗാന നിർഝരിയിൽ ആസ്വാദകവൃന്ദം സാക്ഷാൽ ശബരിമല സന്നിധിയിലെത്തിയ അനുഭൂതിയിൽ ലയിച്ചു ചേർന്നു. ആലപിച്ച മിക്ക കീർത്തനങ്ങളും രചിച്ചത് സതീഷ് മേനോൻ കാലാത്ത് ആയിരുന്നു.

WhatsApp Image 2026-01-02 at 3.59.39 PM (2)

തുടർന്ന് അർച്ചിത മഹാലിംഗം അവതരിപ്പിച്ച ഹരിവരാസനത്തിന്റെ നൃത്താവിഷ്കാരം ഏവരെയും ഹഠാദാകർഷിച്ചു. സെന്റ് ലൂയിസ്സിൽ നിന്നുമുള്ള ലളിതാംബികാ ഗീതു ജയദേവ് പൂതനാമോക്ഷം കഥകളി അവതരിപ്പിച്ചു. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ ഈ കുട്ടിയുടെ അഭിനയ മികവിനെ സദസ്സ് മുക്തകണ്ഠം പ്രശംസിച്ചു. നാട്യാവിഷ്കാരത്തെയും കഥാതന്തുവിനെപ്പറ്റിയും പിതാവ് ജയദേവ് ആദ്യമേതന്നെ വിശദീകരിച്ചിരുന്നതുകൊണ്ട് പുതുതലമുറയ്ക്കും കഥകളി പൂർണമായും അർത്ഥം ഉൾക്കൊണ്ട് ആസ്വദിക്കാൻ കഴിഞ്ഞു. കഥകളി മേക്കപ്പ് ചെയ്തത് ന്യൂയോർക്കിലെ ഹിക്സ് വില്ലിൽ താമസിക്കുന്ന കലാമണ്ഡലം ജോൺ ആശാൻ ആയിരുന്നു.

WhatsApp Image 2026-01-02 at 3.58.48 PM (2)

പങ്കെടുത്ത എല്ലാ കലാകാരന്മാരെയും പൊന്നാടയണിയിച്ച് ആദരിച്ചു. ന്യൂയോർക്കിലെ വിവിധ ഹൈന്ദവ സംഘടനകളെയും വിശിഷ്യാ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെയും അകമഴിഞ്ഞ സഹകരണത്തോടെയും നടന്ന അയ്യപ്പ മണ്ഡലകാല മഹോത്സവം വൻവിജയമായിരുന്നു.

അയ്യപ്പ സേവാസംഘം പ്രസിഡന്റും കെ.എച്.എൻ.എയുടെ മുൻ ട്രസ്റ്റീ ബോർഡ് ചെയർമാനുമായ ഗോപിനാഥക്കുറുപ്പ് പുതിയ ട്രസ്റ്റീ ബോർഡ് ചെയർപേഴ്സണായ വനജ നായരെ പൊന്നാടയണിയിച്ച്‌ ആദരിച്ചു. അയ്യപ്പ സേവാ സംഘം സെക്രട്ടറി രഘുവരൻ നായർ, പ്രസിഡന്റ് കുറുപ്പിനെയും മികച്ച സേവനപ്രവർത്തനങ്ങൾക്കുള്ള ഉപഹാരമായി പൊന്നാടയണിയിച്ചാദരിച്ചു. ഗാനാഞ്ജലി സ്പോൺസറും ഗാനരചയിതാവുമായ സതീഷ് കാലാത്തീനും പ്രത്യേക പുരസ്കാരം നൽകി പൊന്നാട അണിയിച്ചാദരിച്ചു.
സെക്രട്ടറി രഘുവരൻ നായർ കലാകാരന്മാർക്കും സദസ്സിനും നന്ദി പറഞ്ഞു. മഹാപ്രസാദ വിതരണത്തോടും അന്നദാനത്തോടും കൂടി 9 മണിക്ക് മണ്ഡലകാല മഹോത്സവത്തിന് പരിസമാപ്തിയായി.

WhatsApp Image 2026-01-02 at 4.00.12 PM

2026 ഒക്ടോബർ 10 ശനിയാഴ്ച നവരാത്രി ആരംഭത്തോടെ ന്യൂയോർക്കിൽ ഇന്റർനാഷണൽ അയ്യപ്പ സംഗമവും വേൾഡ് പീസ് കോൺഫറൻസും നടത്തുമെന്ന് അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ഗോപിനാഥക്കുറുപ്പും സെക്രട്ടറി രഘുവരൻ നായരും ചേർന്ന് പ്രഖ്യാപിച്ചു. അമേരിക്കയിലെ സമസ്ത ഹൈന്ദവ സംഘടനകളുടെയും സഹകരണത്തോടെ വിപുലമായ ഒരു കമ്മിറ്റിയും പരിപാടികളുടെ വിജയകരമായ നടത്തിപ്പിനു വേണ്ടി രൂപീകരിക്കുവാനും തീരുമാനിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

Advertisment