ട്രംപിന്റെ വംശീയ അധിക്ഷേപം: പ്രതികരിച്ച് ബറാക് ഒബാമ

New Update
R

വാഷിങ്ടൻ: മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയെയും ഭാര്യ മിഷേൽ ഒബാമയെയും കുരങ്ങുകളായി ചിത്രീകരിക്കുന്ന വംശീയമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഡിയോ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമൂഹമാധ്യമ അക്കൗണ്ട് വഴി പങ്കുവച്ച സംഭവത്തിൽ ഒബാമ തന്റെ പ്രതികരണം അറിയിച്ചു.

Advertisment

യൂട്യൂബർ ബ്രയാൻ ടൈലർ കോഹനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ തന്റെ നിലപാട് വ്യക്തമാക്കിയത്. ട്രംപിന്റെ ഇത്തരം പെരുമാറ്റങ്ങൾ അമേരിക്കൻ ജനതയെ ആഴത്തിൽ അസ്വസ്ഥരാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്തസ്സ് കൈവിടുന്നു: പണ്ട് കാലങ്ങളിൽ ഭരണാധികാരികൾ പദവിയുടെ മര്യാദയും മാന്യതയും കാത്തുസൂക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത്തരം മൂല്യങ്ങളിൽ ആർക്കും ലജ്ജയില്ലാത്ത അവസ്ഥയാണെന്ന് ഒബാമ കുറ്റപ്പെടുത്തി.

സോഷ്യൽ മീഡിയയിലും ടെലിവിഷനിലും നടക്കുന്നത് ഒരുതരം 'കോമാളി കളി' (ക്ലോൺ ഷോ ) ആണെന്നും, ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രങ്ങളാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. വിഡിയോ വിവാദമായെങ്കിലും മാപ്പ് പറയാൻ ട്രംപ് തയാറായില്ല. 'തനിക്ക് തെറ്റ് പറ്റിയിട്ടില്ല' എന്നാണ് എയർഫോഴ്സ് വണ്ണിൽ വച്ച് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. അതേസമയം, ഒരു ജീവനക്കാരന് പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ് വൈറ്റ് ഹൗസ് വിഡിയോ പിന്നീട് നീക്കം ചെയ്തു.

മിനിയപ്പലിസിലെ ഇമിഗ്രേഷൻ നടപടികളെയും ഒബാമ രൂക്ഷമായി വിമർശിച്ചു. ഫെഡറൽ ഏജന്റുമാർ (ഐ സി ഇ) ജനങ്ങളെ വീടുകളിൽ നിന്ന് വലിച്ചിറക്കുന്നതും, മാതാപിതാക്കളെ പിടികൂടാൻ അഞ്ചു വയസ്സുള്ള കുട്ടികളെ ഇരയാക്കുന്നതും സങ്കൽപ്പിക്കാൻ പോലുമാകാത്ത കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Advertisment