/sathyam/media/media_files/2025/08/29/bbvv-2025-08-29-05-43-23.jpg)
ടൊറൻ്റോ: ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി അലംനൈ ഫൗണ്ടേഷൻ കാനഡ ചാപ്റ്ററിന് തുടക്കമായി. വിവിധ മേഖലകളിൽ സാന്നിധ്യമറിയിച്ച പൂർവവിദ്യാർഥികളുടെ ഉദ്ഘാടന സംഗമത്തിൽ ക്രൈസ്റ്റ് (ഡീംഡ് ടു ബി) യൂണിവേഴ്‌സിറ്റി മുൻ പ്രിൻസിപ്പൽ റവ. ഡോ. സെബാസ്റ്റ്യൻ തെക്കേടത്ത് പങ്കെടുത്തു. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ റവ. ഡോ. ജോസ് സി.സി. ഓൺലൈനിലും പങ്കുചേർന്നു. ന്യൂയോർക്കിലും (2024 നവംബർ), മിഡിൽ ഈസ്റ്റിലും (2025 ഫെബ്രുവരി), ഓസ്‌ട്രേലിയയിലും (2025 ഏപ്രിൽ) രൂപീകരിച്ച ചാപ്റ്ററുകളുടെ പിന്നാലെയാണ് കാനഡയിലും പൂർവവിദ്യാർഥികളുടെ കൂട്ടായ്മ ഒരുക്കിയത്.
ചാപ്റ്റർ രൂപീകരണത്തിലൂടെ കാനഡയിലുടനീളമുള്ള ക്രൈസ്റ്റൈറ്റ്‌സിനെയും മാതൃകലാലയത്തെയും കൂടുതൽ ബന്ധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുകയെന്ന് സംഘാടകർ അറിയിച്ചു. വ്യക്തിവികസന പരിശീലനമുൾപ്പെടെയുള്ള വിവിധ പരിപാടികളും സ്കോളർഷിപ്പും ലക്ഷ്യമിടുന്നു. കാനഡയിലെ വിവിധ നഗരങ്ങളിൽ അലംനൈ സംഗമങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്.
കാനഡ ചാപ്റ്റർ കോർ കമ്മിറ്റിയിൽ തെരേസ ജോയ് പ്രസിഡൻ്റായും ധ്രുവ ശ്രീനിവാസ് സെക്രട്ടറിയായും ആദിത്യ ഗിരീഷ് (ട്രഷററായും ചുമതലയേറ്റു. ജോ പോൾ, യുക്ത ഹാൻസ് സഹായി എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. കാനഡ ചാപ്റ്ററിൽ ചേരാൻ ആഗ്രഹിക്കുന്ന പൂർവവിദ്യാർഥികൾ alumni.canada@christuniversity.in എന്ന ഇമെയിലിൽ ബന്ധപ്പെടുക.