ശതകോടീശ്വരൻ ജെഫ് ബെസോസും മാധ്യമ പ്രവർത്തക ലോറൻ സാഞ്ചസും തമ്മിൽ യുഎസിൽ വിവാഹിതരായ ശേഷമാണ് വെനീസിലെ ആഘോഷത്തിനു പോയതെന്നു 'പേജ് സിക്‌സ്' റിപ്പോർട്ട് ചെയ്യുന്നു. വെനീസിൽ വിവാഹം കഴിക്കാൻ അവർ റജിസ്റ്റർ ചെയ്തിട്ടില്ല. അവിടെ സാൻ ജിയോർജിയോ മാഗിയോറി ദ്വീപിൽ 10 മില്യൺ ഡോളറിന്റെ ആഘോഷമാണ് സംഘടിപ്പിച്ചിട്ടുള്ളത്.
വിദേശത്തു വിവാഹം കഴിച്ചാൽ യുഎസിൽ നിയമസാധുത ലഭിക്കണമെന്നില്ലെന്നു നിയമവിദഗ്ധർ പറയുന്നു. അല്ലെങ്കിൽ മറ്റു നിയമതടസങ്ങൾ ഉണ്ടാവാം.
ഫ്ലോറിഡയിൽ മയാമി നിവാസികളായ ബെസോസും സാഞ്ചസും ഫ്ലോറിഡയിലെ ഇന്ത്യൻ ക്രീക്ക് ഐലൻഡിൽ മൂന്നു വീടുകൾ വാങ്ങിയിട്ടുണ്ട്.
വെനീസിൽ യുഎസ് പൗരന്മാർക്കു വിവാഹം കഴിക്കാൻ ഇറ്റലിയിൽ യുഎസ് കോൺസുലർ ഓഫിസർ ഒപ്പുവച്ച സത്യവാങ്മൂലം നൽകണം. യുഎസ് നിയമം അനുസരിച്ചു അവർക്കു വിവാഹം കഴിക്കാൻ തടസമില്ലെന്നു അതിൽ ഓഫിസർ ഉറപ്പു പറഞ്ഞിരിക്കണം.
വേറെയും രേഖകൾ പലതും ഒപ്പിട്ടു കൊടുക്കാനുണ്ട്. ഇറ്റലിയിൽ വിവാഹം നടത്തുന്നത് സിറ്റി മേയർ ആണ്. രണ്ടു സാക്ഷികളും വേണം. റോമൻ കത്തോലിക്കാ പുരോഹിതൻ ആശിർവദിച്ച വിവാഹത്തിനും നിയമസാധുതയുണ്ട്.
എന്നാൽ ഇറ്റലിയിൽ വിവാഹത്തിനു അവർ റജിസ്റ്റർ ചെയ്തിട്ടില്ലെന്നു റിപ്പോർട്ട് പറയുന്നു.
വെനീസിൽ വ്യാഴാഴ്ച്ച രാത്രി നടക്കുന്ന സ്വാഗത വിരുന്നിൽ കിം കർദാഷിയാൻ, ക്രിസ് ജെന്നർ, ഖോൾ കർദാഷിയാൻ, ഓപ്ര വിൻഫ്രി, ഗെയ്ൽ കിംഗ്, ശതകോടീശ്വരൻ ബാരി ഡില്ലർ, എൻ എഫ് എൽ ഇതിഹാസം ടോം ബ്രാഡി തുടങ്ങിയ സെലിബ്രിറ്റികൾ പങ്കെടുക്കും.
പ്രസിഡന്റ് ട്രംപിന്റെ മകൾ ഇവൻകയും ഭർത്താവ് ജാറെഡ് കുഷനറും നേരത്തെ എത്തിക്കഴിഞ്ഞു.