ഉരുക്കിന്റെ നട്ടെല്ലും വിശുദ്ധയുടെ ധാർമികതയുമുള്ള നേതാവാണ് കമലാ ഹാരിസ് എന്നു പ്രസിഡന്റ് ജോ ബൈഡൻ. 2024 തിരഞ്ഞെടുപ്പിൽ നിന്നു പിന്മാറിയ ശേഷം ആദ്യമായി വൈസ് പ്രസിഡന്റുമൊത്തു പ്രചാരണ രംഗത്തു പ്രത്യക്ഷപ്പെട്ട പ്രസിഡന്റ് പിറ്റസ്ബർഗിൽ ലേബർ ഡേ പരിപാടിയിൽ സംസാരിക്കയായിരുന്നു.
പ്രചാരണത്തിൽ പരിമിതമായി മാത്രം പങ്കെടുക്കുന്ന ബൈഡൻ പക്ഷെ ഹാരിസിന് എന്തു സഹായവും നൽകുമെന്നു പ്രഖ്യാപിച്ചു. അമേരിക്കയുടെ മാറ്റത്തിനു ഏറ്റവുമധികം സഹായിച്ച ഒരു പ്രസിഡന്റ് എന്നാണ് ഹാരിസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.ഉറച്ച യൂണിയൻ പാരമ്പര്യമുളള പിറ്റസ്ബർഗിൽ നേടുന്ന പിന്തുണ യുദ്ധഭൂമിയായ പെൻസിൽവേനിയയിൽ പ്രധാനമാണ് എന്നതു കൊണ്ടാണ് ലേബർ ഡേയിൽ ഇരുവരും അവിടെ ഒന്നിച്ചു പ്രത്യക്ഷപ്പെട്ടത്.
യൂണിയനുകളുമായി ഏറെ നല്ല ബന്ധമുളള നേതാവുമാണ് ബൈഡൻ."യുണിയനുകളാണ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലെന്നു എന്നെപ്പോലെ കമലയും വിശ്വസിക്കുന്നു," ബൈഡൻ പറഞ്ഞു. യൂണിയനുകളുമായി ചരിത്ര ബന്ധമുള്ള പ്രസിഡന്റാകും അവർ."ഡൊണാൾഡ് ട്രംപ് യൂണിയൻ വിരോധിയാണെന്നു ബൈഡൻ പറഞ്ഞു.
തൊഴിലാളി വിരുദ്ധനുമാണ്. "നിങ്ങൾക്കു വേണ്ടി ഞങ്ങൾ ചെയ്ത കാര്യങ്ങളൊക്കെ ഒരൊറ്റ ഒപ്പു കൊണ്ട് അയാൾ ഇല്ലാതാക്കും."മിഷിഗൺ, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളിലും തിങ്കളാഴ്ച ഹാരിസ് തൊഴിലാളി ദിന പരിപാടികളിൽ പങ്കെടുത്തു. നവംബർ തിരഞ്ഞെടുപ്പിൽ നിർണായകമാവുന്ന സംസ്ഥാനങ്ങളാണിവ.