വാഷിംഗ്ടൺ: അമേരിക്കൻ ചാരിറ്റി സംഘടന വേൾഡ് സെൻട്രൽ കിച്ചന്റെ ഏഴു മാനുഷിക പ്രവർത്തകർ ഗാസയിൽ ഇസ്രയേലി ആക്രമണത്തിൽ മരിച്ചതിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ കടുത്ത ദുഖവും രോഷവും രേഖപ്പെടുത്തി. ഇസ്രയേലി ആക്രമണം അന്യായമാണെന്നു ചൂണ്ടിക്കാട്ടിയ ബൈഡൻ, തന്റെ ഹൃദയം തകർന്നു പോയെന്നു പറഞ്ഞു.
യുഎസ് ആസ്ഥാനമായ വേൾഡ് സെൻട്രൽ കിച്ചന്റെ സ്ഥാപകൻ യോസെ ആന്ദ്രേയോട് ബൈഡൻ അനുശോചനം അറിയിച്ചു. മരിച്ചവരിൽ ഒരാൾ യുഎസ്-കനേഡിയൻ പൗരനാണ്.
"യുദ്ധത്തിനു നടുവിൽ പട്ടിണി കിടക്കുന്ന സിവിലിയന്മാർക്കു ഭക്ഷണം എത്തിക്കുന്നവർ ആയിരുന്നു മരിച്ചവർ," ബൈഡൻ ചൂണ്ടിക്കാട്ടി. "അവർ ധീരന്മാരും സ്വാർഥത ഇല്ലാത്തവരും ആയിരുന്നു. അവരുടെ മരണം ദുരന്തമാണ്."
യുദ്ധം നടക്കാത്ത ഒരു ഭാഗത്തു ഭക്ഷണവുമായി പോയിരുന്ന ഏഴു പേരെയാണ് ഇസ്രയേലി സേന ഐ ഡി എഫ് വധിച്ചതെന്നു കിച്ചൻ ചൂണ്ടിക്കാട്ടി. ദേർ അൽ ബല എന്ന സ്ഥലത്തെ ഗോഡൗണിൽ 100 ടണ്ണോളം ഭക്ഷണം നിക്ഷേപിച്ച ശേഷം പുറപ്പെടുമ്പോഴാണ് ഐ ഡി എഫ് ആക്രമിച്ചത്.
ഇസ്രയേൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഉറപ്പു പറഞ്ഞതായി ബൈഡൻ ചൂണ്ടിക്കാട്ടി. "അതു വേഗത്തിൽ നടത്തണം, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണം. അന്വേഷണ വിവരങ്ങൾ പരസ്യമാക്കണം.
"കൂടുതൽ ദുഖകരമായ കാര്യം ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ്. ഇത്രയധികം മാനുഷിക പ്രവർത്തകർ കൊല്ലപ്പെട്ട ഒരു സംഘർഷം സമീപ കാലത്തു ഉണ്ടായിട്ടില്ല. ഗാസയിൽ ഭക്ഷണം എത്തിക്കാനുള്ള ഏറ്റവും വലിയ തടസം ഇതാണ്. മാനുഷിക പ്രവർത്തകരെ സംരക്ഷിക്കാൻ ഇസ്രയേൽ വേണ്ടതു ചെയ്തിട്ടില്ല. പട്ടിണിയിൽ നട്ടം തിരിയുന്ന സിവിലിയന്മാരെ സഹായിക്കാൻ എത്തിയവരാണ് അവർ."
ഗാസയിൽ സഹായം എത്തിക്കാനുള്ള ശ്രമങ്ങൾ യുഎസ് തുടരുമെന്നു ബൈഡൻ വ്യക്തമാക്കി. "കൂടുതൽ സഹായം എത്തിക്കാൻ ഇസ്രയേൽ സഹകരിക്കണം. അതിനു ഞാൻ അവരുടെ മേൽ സമമർദം ചെലുത്തും. അടിയന്തര വെടിനിർത്തലിനും ബന്ദികളുടെ മോചനത്തിനും നമ്മൾ ഊർജിതമായി ശ്രമിച്ചു വരികയാണ്."
ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തെറ്റ് സമ്മതിക്കുകയും മാപ്പു ചോദിക്കയും ചെയ്തിരുന്നു. യുദ്ധത്തിൽ അതൊക്കെ സംഭവിക്കുമെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലി പ്രസിഡന്റ് ഇസാക് ഹെർസോഗും മാപ്പു ചോദിച്ചു. ആന്ദ്രേയെ അനുശോചനം അറിയിക്കുകയും ചെയ്തു.