യുഎസിന്റെ 625 മില്യൺ ഏക്കർ ഓഫ്ഷോർ മേഖലകളിൽ ഭാവിയിൽ എണ്ണയ്‌ക്കോ ഗ്യാസിനോ വേണ്ടി ഡ്രില്ലിംഗ് നടത്തുന്നത് പ്രസിഡന്റ് ജോ ബൈഡൻ നിരോധിച്ചു. തിങ്കളാഴ്ച്ച പുറപ്പെടുവിച്ച ഉത്തരവ് ഇനി വരുന്ന ട്രംപ് ഭരണകൂടത്തിനു കീറാമുട്ടിയാകും.
യുഎസിന്റെ കിഴക്കും പടിഞ്ഞാറുമുള്ള തീരങ്ങൾക്കപ്പുറവും കിഴക്കൻ ഗൾഫ് ഓഫ് മെക്സിക്കോ, അലാസ്കയുടെ നോർത്ത് ബെറിംഗ് കടൽ എന്നിവിടങ്ങളിലും ഡ്രില്ലിംഗ് നിരോധിച്ചത് 1953ലെ ഔട്ടർ കോണ്ടിനെന്റൽ ഷെൽഫ് ലാൻഡ്‌സ് ആക്ട് അനുസരിച്ചാണ്.
നിലവിലുള്ള പ്രസിഡന്റിനു ഡ്രില്ലിംഗ് സ്ഥിരമായി നിരോധിക്കാൻ അധികാരം നൽകുന്ന നിയമം പക്ഷെ ആ ഉത്തരവ് പിൻവലിക്കാൻ മറ്റൊരു പ്രസിഡന്റിന് അധികാരം നൽകുന്നില്ല. അതിനു കോൺഗ്രസിന്റെ അനുമതി വേണ്ടിവരും.
ഫോസിൽ ഉത്പാദനം വേഗത്തിൽ വർധിപ്പിക്കുക എന്ന ട്രംപിന്റെ ലക്ഷ്യത്തിനു അങ്ങിനെ ബൈഡൻ തടയിട്ടു. "രാഷ്ട്രീയ പകപോക്കലിനുള്ള നാണം കെട്ട പ്രവർത്തിയാണിത്," ട്രംപിന്റെ പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് എക്‌സിൽ കുറിച്ചു. "ഞങ്ങൾ ഡ്രിൽ ചെയ്യും."
"നമുക്ക് പ്രിയങ്കരമായ ഇടങ്ങളിൽ തിരുത്താൻ കഴിയാത്ത നാശം വരുത്തുന്ന" ഡ്രില്ലിംഗിൽ നിന്ന് അവയെ സംരക്ഷിക്കാനാണ് ഈ ഉത്തരവ് ഇറക്കുന്നതെന്നു ബൈഡൻ പറഞ്ഞു. "രാജ്യത്തിൻറെ ഊർജ ആവശ്യങ്ങൾക്ക് ഈ ഡ്രില്ലിംഗ് കൊണ്ട് പ്രയോജനമില്ല." ബൈഡന്റെ നീക്കം രാഷ്ട്രീയമാണെന്നു അമേരിക്കൻ പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് മൈക്ക് സോമേഴ്‌സ് പറഞ്ഞു.