പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിനു മുൻപ് നിരവധി പേർക്കു മാപ്പു നൽകിയത് താൻ അറിയാതെ ഓട്ടോപെൻ ഉപയോഗിച്ചു ചിലർ നടത്തിയ തട്ടിപ്പാണെന്ന റിപ്പബ്ലിക്കൻ ആരോപണം ശക്തമായി നിഷേധിച്ചു ജോ ബൈഡൻ. തനിക്കു കാര്യങ്ങൾ ഗ്രഹിക്കാൻ കഴിവില്ലാതായ നേരത്താണ് അതുണ്ടായതെന്ന ആരോപണവും മുൻ പ്രസിഡന്റ് നിഷേധിച്ചു.
എല്ലാ തീരുമാനങ്ങളും താൻ തന്നെയാണ് എടുത്തതെന്നു 'ന്യൂ യോർക്ക് ടൈംസ്' നടത്തിയ അഭിമുഖത്തിൽ ബൈഡൻ പറഞ്ഞു. "എന്റെ സഹായികൾ ഓട്ടോപെൻ ഉപയോഗിച്ച് ഒപ്പു വയ്ക്കുകയാണ് ചെയ്തതെന്നു പ്രസിഡന്റ് ട്രംപും മറ്റു റിപ്പബ്ലിക്കന്മാരും പറയുന്നതു നുണയാണ്. എല്ലാ തീരുമാനങ്ങളും ഞാൻ തന്നെയാണ് എടുത്തത്.
"ഒട്ടേറെ പേർക്ക് മാപ്പു നൽകി. അതു കൊണ്ട് എന്റെ ഒപ്പു ആ വാറണ്ടുകളിൽ പകർത്താൻ ഞാൻ അനുവദിച്ചിരുന്നു."
ഒപ്പു ബൈഡന്റെ തന്നെയോ എന്നൊക്കെ വൈറ്റ് ഹൗസും കോൺഗ്രസും ജസ്റ്റിസ് ഡിപ്പാർട്മെന്റും അന്വേഷിക്കുന്നതിനിടയിലാണ് ബൈഡൻ സംസാരിച്ചത്.
ബൈഡന്റെ മുൻ സഹായികൾ സത്യവാങ്മൂലം നൽകണമെന്നു കോൺഗ്രസിലെ റിപ്പബ്ലിക്കന്മാർ ആവശ്യപ്പെട്ടിട്ടുണ്ട്. അവരോടു അഭിഭാഷകർ മൗനം പാലിക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
കോൺഗ്രസിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകാൻ വിസമ്മതിച്ചവരിൽ ബൈഡന്റെ ഡോക്ടറും ഉണ്ട്. മൊഴികളിലെ വൈരുധ്യം നിയമ വിഷയമാക്കാൻ ട്രംപ് ശ്രമിക്കുമെന്ന് അഭിഭാഷകർ കരുതുന്നു.