വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇറ്റലിയിലേക്കുള്ള യാത്ര റദ്ദാക്കി. കാലിഫോർണിയയിൽ വ്യാപകമായി പടരുന്ന കാട്ടുതീയുടെ അടിയന്തര സാഹചര്യം നേരിടാൻ രാജ്യത്ത് തുടരേണ്ടതിനാലാണ് യാത്ര റദ്ദാക്കിയത്.
കലിഫോർണിയയിലെ അസാധാരണമായ കാട്ടുതീയിൽ, പൂർണ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ഇറ്റലിയിലേക്കുള്ള യാത്ര റദ്ദാക്കിയത് എന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. അമേരിക്കയിലെ കാട്ടുതീ ബാധിത പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, പ്രസിഡന്റ് സെർജിയോ മത്തെരെല്ല, ഫ്രാൻസിസ് പാപ്പ എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ ജനുവരി 9 മുതൽ 12 വരെയാണ് ബൈഡൻ ഇറ്റലിയിലേക്ക് യാത്ര നിശ്ചയിച്ചിരുന്നത്. സ്ഥാനമൊഴിയുന്നതിന് മുൻപുള്ള ജോ ബൈഡന്റെ അവസാന ഔദ്യോഗിക വിദേശ യാത്രയെന്നാണ് ഇറ്റലി പര്യടനത്തെ വിലയിരുത്തിയത്.