വാഷിംഗ്ടൺ: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചിന്താക്കുഴപ്പവും സ്പഷ്ടമല്ലാത്ത സംസാര രീതിയും വിമർശിച്ചു ബൈഡൻ-ഹാരിസ് കാമ്പയ്ൻ പ്രത്യാക്രമണം നടത്തി. പ്രസിഡൻറ് ബൈഡന്റെ ഓർമക്കുറവിനെ പരാമർശിക്കുന്ന സ്പെഷ്യൽ കൗൺസൽ റോബർട്ട് ഹ്യുറിന്റെ റിപ്പോർട്ടിനു ബദലായാണ് ഈ നീക്കം. ട്രംപ് തന്റെ ഭരണകാലത്തു നിയമിച്ച ഹ്യുർ രാഷ്ട്രീയം കളിക്കയാണെന്നു അവർ ചൂണ്ടിക്കാട്ടുന്നു.
വെള്ളിയാഴ്ച പെൻസിൽവേനിയയിലെ ഹാരിസ്ബർഗിൽ നടന്ന നാഷനൽ റൈഫിൾ അസോസിയേഷന്റെ (എൻ ആർ എ) യോഗത്തിൽ ട്രംപ് സംസാരിക്കുന്ന വീഡിയോ കാമ്പയ്ൻ പുറത്തു വിട്ടു. ട്രംപിന്റെ ചിന്താക്കുഴപ്പവും അവ്യക്തമായ സംസാര രീതിയും അതിൽ പ്രകടമാവുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.
വൈസ് പ്രസിഡന്റ് ആയിരിക്കെ കൈകാര്യം ചെയ്ത രഹസ്യ രേഖകൾ ബൈഡന്റെ വീട്ടിൽ നിന്നു കണ്ടെടുത്തതിനെ കുറിച്ചുള്ള അന്വേഷണത്തിൽ പ്രസിഡന്റിനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ 388 പേജുള്ള റിപ്പോർട്ടിന്റെ നല്ലൊരു ഭാഗം ഹ്യുർ വിനിയോഗിച്ചത് ആയുധമാക്കി 81 വയസുള്ള ബൈഡനെ 77 വയസുള്ള ട്രംപ് ആക്രമിച്ചിരുന്നു. ബൈഡൻ ടീം മറുപടിയിൽ ട്രംപിന്റെ അതേ വീഴ്ചകൾ തന്നെ ആയുധമാക്കി.
അടുത്തിടെ ഹങ്കറി പ്രസിഡന്റ് വിക്ടർ ഓർബനെ ട്രംപ് വിശ്വസിപ്പിച്ചത് തുർക്കി പ്രസിഡന്റ് എന്നാണ്. തനിക്കെതിരെ മത്സരിക്കുന്ന നിക്കി ഹേലിയെ നാൻസി പെലോസി (മുൻ സ്പീക്കർ) എന്നു വിളിച്ചു. ബരാക്ക് ഒബാമ ഇപ്പോഴും പ്രസിഡന്റാണ് എന്നു പറഞ്ഞു. ഈ അബദ്ധങ്ങളൊക്കെ ട്രംപിന്റെ പതിവാണെന്നു ടീം ബൈഡൻ ചൂണ്ടിക്കാട്ടി.
അടുത്തിടെ നടന്ന യുഎസ് വിർജിൻ ഐലൻഡ്‌സ് പ്രൈമറിയിൽ തനിക്കു 100% വോട്ട് കിട്ടിയെന്നു എൻ ആർ എ യോഗത്തിൽ ട്രംപ് പറയുന്നത് വിഡിയോയിൽ കാണാം. അദ്ദേഹത്തിനു യഥാർഥത്തിൽ കിട്ടിയത് അതിനേക്കാൾ 26% കുറവാണ്. "Subsidiaries" എന്ന വാക്ക് പറയുമ്പോൾ ട്രംപിന്റെ നാവു കുഴയുന്നത് കാണാം.
അതേ വിഡിയോയിൽ മാർബിളിനെ കുറിച്ച് വിചിത്രമായ ഒരു കഥ പറയുമ്പോൾ ട്രംപ് കാടുകയറി പോകുന്നു. പ്രസിഡന്റ് ആയിരിക്കെ ചൈനയ്ക്കു വേണ്ടി ഒട്ടേറെ കാര്യങ്ങൾ ചെയ്തുവെന്ന് അദ്ദേഹം പറയുന്നു. ദിവസം വെള്ളിയാഴ്ചയാണ് എന്ന കാര്യം അദ്ദേഹം മറന്നു പോകുന്നു.
പെൻസിൽവേനിയയിൽ ട്രംപ് പറഞ്ഞ നുണകളും ടീം ബൈഡൻ ഉപയോഗിക്കുന്നുണ്ടെന്നു ന്യൂസ് വീക്ക് പറയുന്നു. പിച്ചും പേയും പറയുന്നതു പോലുള്ള സംസാരത്തിനിടയിൽ തോക്കുകൾ നിയന്ത്രിക്കുന്ന എല്ലാ നിയമങ്ങളും റദ്ദാക്കുമെന്നും ട്രംപ് പറയുന്നുണ്ട്.