മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സഹായികൾ ഓട്ടോപെൻ ഉപയോഗിച്ച് അദ്ദേഹത്തിന്റെ പേരിൽ ഒപ്പിട്ടതിനെ കുറിച്ച് പ്രസിഡന്റ് ട്രംപ് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ, എല്ലാ ഒപ്പുകളും താൻ തന്നെ ഇട്ടതാണെന്നു ബൈഡൻ പ്രതികരിച്ചു.
"ഞാൻ തന്നെ എടുത്ത തീരുമാനങ്ങളാണ്," അദ്ദേഹം പറഞ്ഞു.
ബൈഡനു മാനസികമായി മികവ് ഉണ്ടായിരുന്നില്ലെന്നും സഹായികൾ സുപ്രധാന തീരുമാനങ്ങൾ എടുത്ത ശേഷം അദ്ദേഹത്തിന്റെ പേരിൽ ഓട്ടോപെൻ കൊണ്ട് ഒപ്പിടുകയായിരുന്നുവെന്നും ട്രംപ് ആരോപിച്ചിരുന്നു. അതേപ്പറ്റി അന്വേഷണം നടത്താൻ അറ്റോണി ജനറൽ പാം ബോണ്ടിയോടു ആവശ്യപ്പെടുകയും ചെയ്തു.
ബൈഡൻ പ്രസ്താവനയിൽ പറഞ്ഞു: "ആളുകൾക്ക് മാപ്പു നൽകാനുള്ള തീരുമാനങ്ങൾ ഞാൻ എടുത്തതാണ്. എക്സിക്യൂട്ടീവ് ഓർഡറുകൾ ഞാൻ തന്നെ ഒപ്പിട്ടതാണ്. ബില്ലുകൾ ഞാൻ ഒപ്പിട്ടു നിയമമാക്കിയതാണ്. പ്രഖ്യാപനങ്ങളും ഞാൻ തന്നെ നടത്തിയതാണ്. ഞാനല്ല അതൊക്കെ ചെയ്തത് എന്നു പറയുന്നത് അപഹാസ്യമാണ്, വ്യാജമാണ്.
"ഡോണൾഡ് ട്രംപും കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗങ്ങളും കൂടി അവശ്യ പരിപാടികളായ മെഡിക്കെയ്‌ഡും മറ്റും വെട്ടിക്കുറയ്ക്കാനും അമേരിക്കൻ കുടുംബങ്ങൾക്കു ഭാരം കൂട്ടുന്ന വിധം വിലകൾ ഉയർത്താനും ശ്രമിക്കുമ്പോൾ ശ്രദ്ധ തിരിക്കാനുള്ള ശ്രമം മാത്രമാണിത്. വമ്പൻ പണക്കാർക്കും കോർപറേഷനുകൾക്കും നികുതി ഇളവ് നൽകാനാണു അതെല്ലാം ചെയ്യുന്നത്."