യുഎസ് സുപ്രീം കോടതിയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ കോടതി അടിമുടി പരിഷ്കരിക്കണമെന്ന നിർദേശം പ്രസിഡന്റ് ജോ ബൈഡൻ ഉന്നയിച്ചത് നടപ്പിൽ വരുത്താൻ ബുദ്ധിമുട്ടാകുമെങ്കിലും അത് തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്നു വിലയിരുത്തൽ. 67% ജനങ്ങളുടെ പിന്തുണ പരിഷ്കരണത്തിന് ഉണ്ടെന്നു സർവേകൾ തെളിയിക്കുന്നു. ഡെമോക്രറ്റുകളിൽ തന്നെ 82% പേർ പിന്താങ്ങുന്നു. റിപ്പബ്ലിക്കൻ പക്ഷത്തു 57% പേരും.
വൈറ്റ് ഹൗസ് പറഞ്ഞു: "പ്രസിഡന്റും സുപ്രീം കോടതിയും ഉൾപ്പെടെ ആരും നിയമത്തിനു അതീതരല്ല എന്നാണ് പ്രസിഡന്റ് ബൈഡൻ വിശ്വസിക്കുന്നത്. പ്രസിഡന്റിന്റെ അധികാരം ദുർവിനിയോഗം ചെയ്യുന്നത് തടയാനും സുപ്രീം കോടതിയിൽ വിശ്വാസ്യത വീണ്ടെടുക്കാനും അദ്ദേഹം കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കയാണ്."
സുപ്രീം കോടതി ജസ്റിസുമാർക്കു ആജീവനാന്തം ആ പദവിയിൽ ഇരിക്കാം എന്ന വ്യവസ്ഥ മാറ്റി 18 വർഷമായി പരിമിതപ്പെടുത്താൻ അദ്ദേഹം ആഗ്രഹിക്കുന്നു. പ്രസിഡന്റ് ആയിരിക്കുമ്പോഴും ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കു ഇമ്മ്യൂണിറ്റി ലഭിക്കില്ല എന്ന വ്യവസ്ഥയാണ് മറ്റൊന്ന്. മൂന്നാമത്, ജസ്റിസുമാർക്കു പെരുമാറ്റ ചട്ടം കൊണ്ടു വരും.
പ്രസിഡന്റിനു നിയമ പരിരക്ഷ ലഭ്യമാണ് എന്ന സുപ്രീം കോടതി വിധിക്കു ബദലായി അത്തരം ഇമ്മ്യൂണിറ്റി ലഭ്യമല്ല എന്ന നിയമം കൊണ്ടുവരാൻ ബൈഡൻ ആഗ്രഹിക്കുന്നു.ട്രംപ് പ്രസിഡന്റ് ആയിരിക്കെ മൂന്ന് വലതുപക്ഷ യാഥാസ്ഥിതിക ജസ്റിസുമാരെ നിയമിച്ചിരുന്നു. യാഥാസ്ഥിതിക ഭൂരിപക്ഷം അതോടെ 5-4ൽ നിന്നു 6-3 ആയി.
കഴിഞ്ഞ വർഷങ്ങളിൽ സുപ്രീം കോടതി മൗലികാവകാശങ്ങളെ സംരക്ഷിക്കുന്ന നിയമ പാരമ്പര്യം കൈവിട്ടിരിക്കയാണെന്ന് വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. സിവിൽ റൈറ്സ് സുരക്ഷ ഇല്ലാതാക്കി. സ്ത്രീകൾക്കു സ്വന്തം അവകാശങ്ങൾ നിഷേധിച്ചു. ഇപ്പോൾ പ്രസിഡന്റുമാർക്കു അധികാരത്തിൽ ഇരിക്കുമ്പോൾ ചെയ്യുന്ന കാര്യങ്ങൾക്കു നിയമ പരിരക്ഷ നൽകി.
ജസ്റിസുമാർ ലഭിക്കുന്ന സൗജന്യങ്ങൾ വെളിപ്പെടുത്തണം എന്ന നിയമം കൊണ്ടുവരണമെന്നു ബൈഡൻ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിൽ അവർ ഇടപെടാൻ പാടില്ല. ജീവിത പങ്കാളിക്കു സാമ്പത്തികമായോ മറ്റു രീതിയിലോ താല്പര്യമുളള കേസുകൾ അവർ എടുക്കരുത്.ജസ്റ്റിസുമാരായ ക്ലാരൻസ് തോമസ്, സാമുവൽ അലൈറ്റോ എന്നിവർ സ്വകാര്യമായി അഴിമതി കാട്ടിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്. സമ്പന്ന റിപ്പബ്ലിക്കൻ ഡോണർമാരിൽ നിന്നു ആർഭാട യാത്രകൾക്കു പണം സ്വീകരിച്ച കാര്യം തോമസ് മറച്ചു വച്ചു. ഡൊണാൾഡ് ട്രംപ് 2021 ജനുവരി 6 കലാപം സംഘടിപ്പിച്ചപ്പോൾ അലൈറ്റോയുടെ ഭാര്യ അവരുടെ വീടിനു പുറത്തു യുഎസ് പതാക തല കീഴായി തൂക്കി.
ഡെമോക്രാറ്റിക് സ്ഥാനാർഥിയാവുന്ന കമലാ ഹാരിസ് പറഞ്ഞു: "സുപ്രീം കോടതി വിശ്വാസം നഷ്ടപ്പെട്ടു എന്ന പ്രതിസന്ധി നേരിടുന്നുണ്ട്. അവരുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെട്ടു. നിരവധി ധാർമിക അപവാദങ്ങൾ അവർ നേരിട്ടു. ദീർഘകാലമായി അംഗീകരിക്കപ്പെട്ട കീഴ്വഴക്കങ്ങൾ അവർ കൈവിട്ടു."
റിപ്പബ്ലിക്കൻ പാർട്ടി നിയന്ത്രിക്കുന്ന ഹൗസും ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സെനറ്റും ഈ നീക്കത്തിനു സഹകരിച്ചാൽ മാത്രമേ നിയമനിർമാണം സാധ്യമാവൂ.അസോസിയേറ്റഡ് പ്രസും എൻ ഒ ആർ സി സെന്ററും ചേർന്ന് നടത്തിയ സർവേയിലാണ് ബൈഡൻ നിർദേശിക്കുന്ന നീക്കങ്ങളെ ഭൂരിപക്ഷം പിന്തുണച്ചത്.