പത്തു വർഷത്തിൽ കൂടുതൽ ഗ്രീൻ കാർഡിനു കാത്തു നിൽക്കേണ്ടി വന്നവർക്കു $20,000 അടച്ചു വേഗത്തിൽ കാർഡ് തരപ്പെടുത്താൻ വ്യവസ്ഥ ചെയ്യുന്ന ബിൽ യുഎസ് ഹൗസിൽ ഇരു പാർട്ടികളിലെയും അംഗങ്ങൾ ചേർന്ന് അവതരിപ്പിച്ചു. റെപ്. മരിയ എൽവിറ സലാസർ (റിപ്പബ്ലിക്കൻ-ഫ്ലോറിഡ), റെപ്. വെറോണിക്ക എസ്കോബാർ (ഡെമോക്രാറ്റ്-ടെക്സസ്) എന്നിവർ ചേർന്ന് അവതരിപ്പിച്ച ബിൽ ലക്ഷ്യമിടുന്നത് നിയമാനുസൃത കുടിയേറ്റത്തിനുള്ള അപേക്ഷകൾ കെട്ടിക്കിടക്കുന്നത് 2035 ആവുമ്പോഴേക്ക് അവസാനിപ്പിക്കാനാണ്.
ഡിഗ്നിറ്റി ആക്ട് 2025 എന്ന പേരിലുള്ള ബിൽ 2023ൽ കൊണ്ടുവന്ന ഒരു നിർദേശത്തിന്റെ പുതുക്കിയ പതിപ്പാണ്.
കഠിനവും ന്യായവുമായ പരിഹാരം കണ്ടെത്തി പതിറ്റാണ്ടുകളായ പ്രശ്നം തീർക്കാനാണ് ശ്രമമെന്നു സലാസർ പറഞ്ഞു.
തൊഴിൽ അധിഷ്‌ഠിത, കുടുംബ ബന്ധ ഗ്രീൻ കാർഡുകൾക്കു രാജ്യങ്ങൾക്കായി അനുവദിക്കുന്ന ഗ്രീൻ കാർഡിന്റെ കോട്ട 7ൽ നിന്ന് 15% ആയി ഉയർത്താനും ബില്ലിൽ നിർദേശമുണ്ട്.
ദീർഘകാല വിസ ഉടമകളുടെ മക്കൾക്ക് സ്ഥിരം റെസിഡൻസി സാധ്യതകളും ബില്ലിൽ ഉൾപ്പെടുത്തുന്നു.