Advertisment

അതിർത്തിയിലെ നിയന്ത്രണം ഉടൻ നടപ്പിൽ വരും; ട്രംപിന്റെ വിമർശനത്തിനു മറുപടി നൽകി ബൈഡൻ

New Update
bvcxe4567
വാഷിംഗ്ടൺ: തെക്കൻ അതിർത്തിയിൽ അനധികൃത കുടിയേറ്റക്കാരെ തടയാൻ പ്രസിഡന്റ് ജോ ബൈഡൻ പുറപ്പെടുവിച്ച ഉത്തരവ് ഉടൻ നടപ്പിൽ വരും. ദിവസേന 2,500ൽ അധികം പേർ അതിർത്തി കടന്നു വരാൻ ശ്രമിക്കുമ്പോൾ നടപ്പാക്കാനുള്ളതാണ് ഉത്തരവ്. ഒരാഴ്ചത്തെ ശരാശരിയാണ് ഈ എണ്ണം. ഇപ്പോൾ തന്നെ ഈ പരിധി കടന്നിട്ടുണ്ടെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
Advertisment

നവംബർ 5 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കുടിയേറ്റം വലിയൊരു വിഷയമായി മാറിയ സാഹചര്യത്തിലാണ് ബൈഡൻ എന്നും എതിർത്തു പോന്ന നയം നടപ്പാക്കാൻ തീരുമാനിച്ചത്. അമേരിക്ക കുടിയേറ്റക്കാരുടെ രാജ്യമാണെന്ന നിലപാടിൽ ഉറച്ചു നിന്നിരുന്ന പ്രസിഡന്റ് ഇപ്പോൾ എതിരാളി ഡൊണാൾഡ് ട്രംപിന്റെ നയം സ്വീകരിക്കാൻ തീരുമാനിച്ചത് അനധികൃത കുടിയേറ്റം അദ്ദേഹത്തിന്റെ ഭരണ പരാജയമായി എന്ന ജനാഭിപ്രായം  സർവേകളിൽ കാണുന്നതു കൊണ്ടാണ്.



മറ്റൊരു സമമർദം, ബൈഡൻ പറയുന്നതു പോലെ, കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടി കൊണ്ടുവരുന്ന തടസങ്ങളാണ്‌. രണ്ടു പാർട്ടികളും സമ്മതിച്ചു രൂപം കൊടുത്ത കുടിയേറ്റ നിയമം അവർ രണ്ടാം തവണയും സെനറ്റിൽ തടഞ്ഞു. അതിനു പിന്നിൽ

ട്രംപിന്റെ നിർദേശമുണ്ട് എന്നു ബൈഡൻ വാദിക്കുന്നു. കാരണം, കോൺഗ്രസ് ആ ബിൽ പാസാക്കിയാൽ ബൈഡനു തിരഞ്ഞെടുപ്പിൽ പ്രയോജനം ലഭിക്കും.

ബൈഡൻ തെക്കേ അതിർത്തി അടിയറ വച്ചുവെന്നു ട്രംപ് ചൊവാഴ്ച്ച ആരോപിച്ചു. ഇപ്പോൾ എന്തോ ചെയ്യുമെന്നു ഭാവിക്കയാണ്. അതിർത്തി നിയമം കോൺഗ്രസിൽ തടയാൻ റിപ്പബ്ലിക്കൻ അംഗങ്ങളെ പ്രേരിപ്പിക്കയാണ് ട്രംപ് ചെയ്തതെന്നു ബൈഡൻ തിരിച്ചടിച്ചു.



അതിർത്തി അടയ്ക്കാൻ ആഗ്രഹിച്ച ട്രംപിനെ ബൈഡൻ എതിർത്തിരുന്നു. 2017ൽ ട്രംപിനോടായി കമലാ ഹാരിസ് പറഞ്ഞു: "ദശലക്ഷക്കണക്കിനു അഭയാർഥികൾക്കു വാതിൽ അടയ്ക്കാൻ നമുക്കാവില്ല." കുടിയേറ്റ നിയമത്തിൽ ഭേദഗതി വരുത്തി ഇപ്പോൾ ഇറക്കിയ ഉത്തരവ് ട്രംപിന്റെ നയം പിന്തുടരുന്നതല്ല എന്ന് ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ വാദിക്കുന്നു.



അതിനെതിരെ നിയമയുദ്ധം ഉറപ്പാണ്. മുൻകൂട്ടി അനുമതി ഇല്ലാതെ അതിർത്തി കടക്കാൻ എത്തുന്ന വിദേശ പൗരന്മാരെ നിയമം തടയും. കാലാവസ്ഥാ മാറ്റം മുതൽ രാഷ്ട്രീയ പീഡനം വരെയുള്ള കാരണങ്ങൾ കൊണ്ട് യുഎസിൽ അഭയം തേടുന്നവരും പുറത്തു പോകേണ്ടി വരും എന്നതാണ് വാസ്തവം.ഒഴിവ് ലഭിക്കുന്ന വിഭാഗങ്ങളിൽ ഒറ്റയ്ക്കു വരുന്ന കുട്ടികൾ, തിരിച്ചു പോയാൽ രാഷ്ട്രീയ പീഡനം അനുഭവിക്കാൻ ഇടയുള്ളവർ എന്നിവർ ഉൾപ്പെടുന്നു.



പ്രതിവാര ശരാശരി ആയിരത്തിൽ താഴെ എത്തുമ്പോൾ ഉത്തരവ് മരവിപ്പിക്കാൻ വ്യവസ്ഥയുണ്ട്.













 

 

 

 

 

Advertisment