/sathyam/media/media_files/2025/09/07/bbbv-2025-09-07-03-55-16.jpg)
പാക്കിസ്ഥാനിൽ നിന്നു കുടിയേറിയ കുടുംബത്തിൽ ജനിച്ച ഷബാന മഹ്‌മൂദ് (45) ബ്രിട്ടന്റെ പുതിയ ആഭ്യന്തര മന്ത്രി (Home Secretary) ആയി വെള്ളിയാഴ്ച്ച സ്‌ഥാനമേറ്റത് പൗരന്മാരുടെ സുരക്ഷ പരമപ്രധാനമായി കാണുമെന്ന വാഗ്ദാനത്തോടെയാണ്. ഡപ്യൂട്ടി പ്രധാനമന്ത്രി ആഞ്ജല റെയ്‌നർ രാജി വച്ചതിനെ തുടർന്നു നടത്തിയ അഴിച്ചു പണിയിലാണ് പ്രധാനമന്ത്രി കിയ സ്റ്റാർമർ നീതിന്യായ വകുപ്പ് ഉപമന്ത്രി ആയിരുന്ന മഹ്‌മൂദിന് കയറ്റം നൽകിയത്.
നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കുറ്റം ആരോപിക്കപ്പെട്ട ആഞ്ജല റെയ്‌നർ സ്ഥാനമൊഴിഞ്ഞപ്പോൾ കറുത്ത വർഗക്കാരനായ ഡേവിഡ് ലാമിയെ ഉപപ്രധാന മന്ത്രിയായി സ്റ്റാർമർ നിയമിച്ചു. ഹോം സെക്രട്ടറി യെവറ്റെ കൂപ്പർ വിദേശകാര്യ സെക്രട്ടറിയായി.
സ്ഥാനമേറ്റയുടൻ ഷബാന മഹ്‌മൂദ് എക്‌സിൽ കുറിച്ചു: "ഹോം സെക്രട്ടറി ആവുന്നത് എന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതിയാണ്. പൗരന്മാരുടെ സുരക്ഷയാണ് ഗവൺമെന്റിന്റെ ആദ്യത്തെ മുൻഗണന. എല്ലാ ദിവസവും ഇക്കാര്യത്തിൽ ശ്രദ്ധ വയ്ക്കുമെന്നു ഞാൻ ഉറപ്പു തരുന്നു."
സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ ജസ്റ്റിസ്, ലോർഡ് ചാൻസലർ എന്നീ ചുമതലകൾ 2024 മുതൽ വഹിച്ചിരുന്ന മഹ്‌മൂദ് 2010 മുതൽ ബിർമിംഗാം ലേഡിവുഡിൽ നിന്നുള്ള ലേബർ പാർട്ടി എം പിയാണ്.
അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള സ്റ്റാർമറുടെ ശ്രമങ്ങൾക്കു തുടർന്നും പൂർണ പിന്തുണ നൽകുമെന്നു മഹ്‌മൂദ് പറഞ്ഞു.
ഓക്സ്ഫഡ് ലിങ്കൺ കോളജിൽ നിന്നു നിയമബിരുദമെടുത്ത മഹ്‌മൂദ് ബ്രിട്ടനിലെ ആദ്യത്തെ മുസ്ലിം എം പിമാരിൽ ഒരാളാണ്. ബിർമിംഗാമിൽ ജനിച്ച അവരുടെ കുടുംബം പാക്ക് അധിനിവേശ കശ്മീരിൽ നിന്നു വന്നതാണ്. ഇരട്ട സഹോദരനുണ്ട്.