റെയിഡ് പേടിച്ച് ഞായറാഴ്ച്ച കുർബാനയിൽ നിന്ന് ഇളവ് നൽകി കാലിഫോർണിയ ബിഷപ്പ്

New Update
Bvgvccv

കാലിഫോർണിയ: രാജ്യത്തുടനീളം കുടിയേറ്റ വിരുദ്ധ റെയ്ഡുകളും തടങ്കലുകളും വർധിക്കുന്ന സാഹചര്യത്തിൽ, ഞായറാഴ്ച കുർബാനയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഇടവകാംഗങ്ങൾക്ക് ഇളവ് നൽകി തെക്കൻ കാലിഫോർണിയയിലെ സാൻ ബെർണാർഡിനോ രൂപതയുടെ ബിഷപ്പ് ആൽബെർട്ടോ റോജാസ് അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചു. ട്രംപ് ഭരണകൂടത്തിന്റെ കൂട്ട നാടുകടത്തൽ നടപടികളോടുള്ള പ്രതികരണമായാണ് ഈ നീക്കം.

Advertisment

കുടിയേറ്റ നിയമനടപടികളെക്കുറിച്ചും റെയ്‌ഡുകളെകുറിച്ചുമുള്ള ഭയം കാരണം ഞായറാഴ്ചകളിലെ ദിവ്യബലിയിലോ നിർബന്ധിതമായി പങ്കെടുക്കേണ്ട വിശുദ്ധ ദിവസങ്ങളിലെ കുർബാനയിലോ പങ്കെടുക്കാൻ കഴിയാത്തവരെ ഈ കടമയിൽ നിന്ന് ഒഴിവാക്കാൻ ഉത്തരവ് അനുവദിക്കുന്നു. "കുടിയേറ്റ വിരുദ്ധ റെയ്ഡുകളെകുറിച്ച ഭയം വിശ്വാസികളുടെ ആത്മീയ നന്മയെ തടസ്സപ്പെടുത്തുന്ന ഗുരുതരമായ അസൗകര്യമാണ്" ബിഷപ്പ് ആൽബർട്ടോ റോജാസ് എഴുതി.

കുർബാനയിൽ പങ്കെടുക്കാത്തവർ ഓൺലൈൻ കുർബാനയിലും സ്വകാര്യ പ്രാർത്ഥന, വിശുദ്ധ ഗ്രന്ഥ പാരായണം, ജപമാല, ദിവ്യകാരുണ്യ ജപം തുടങ്ങിയ പ്രാർത്ഥനകളിലും സംബന്ധിച്ചും ആത്മീയ കൂട്ടായ്മ നിലനിർത്താൻ ഉത്തരവ് ഇടവകാംഗങ്ങളെ അനുവദിക്കൂന്നു.

പ്രകൃതി ദുരന്തങ്ങൾ, യുദ്ധം അല്ലെങ്കിൽ കോവിഡ്-19 മഹാമാരി പോലുള്ള സാമൂഹികദുരന്ത സംഭവങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ കത്തോലിക്കാ ബിഷപ്പുമാർ കുർബാനയിൽ പങ്കെടുക്കുന്നതിൽ ഇളവുകൾ നൽകാറുണ്ടെങ്കിലും ഇതാദ്യമായാണ് കുടിയേറ്റ നിയമവുമായി ബന്ധപ്പെട്ട് ഒരു ബിഷപ്പ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നത്.

കഴിഞ്ഞമാസം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ റെയ്ഡുകളെ പരസ്യമായി എതിർത്ത ബിഷപ്പ് ആൽബർട്ടോ റോജാസ് കൗണ്ടിയിലെ ഇടവകാംഗങ്ങൾക്ക് അവരുടെ ആത്മീയപരമായ കാര്യങ്ങളിൽ കുറവൊന്നും വരുത്താതെ തന്നെ ദിവ്യബലിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒഴിവാകാമെന്ന് പറഞ്ഞു.

Advertisment