/sathyam/media/media_files/2025/08/23/hbvg-2025-08-23-05-16-44.jpg)
കാലിഫോർണിയ: നഗരത്തിലെ ലേക്ക് ടാഹോ പ്രദേശത്തെ ഒരു നിവാസിക്ക് പ്ലേഗ് സ്ഥിരീകരിച്ചതായി കാലിഫോർണിയ ആരോഗ്യ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു. സൗത്ത് ലേക്ക് ടാഹോ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നതിനിടെ രോഗബാധിതനായ ചെള്ളിന്‍റെ കടിയേറ്റ് താമസക്കാരന് രോഗം ബാധിച്ചതായി കരുതുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. രോഗബാധിതൻ സുഖം പ്രാപിച്ചതായും മെഡിക്കൽ പ്രൊഫഷണലുകളുടെ പരിചരണത്തിലാണെന്നും എൽ ഡൊറാഡോ കൗണ്ടി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
എൽ ഡൊറാഡോ കൗണ്ടിയിലെ ഉയർന്ന പ്രദേശങ്ങൾ ഉൾപ്പെടെ കാലിഫോർണിയയുടെ പല ഭാഗങ്ങളിലും പ്ലേഗ് സ്വാഭാവികമായും കാണപ്പെടുന്നതായി എൽ ഡൊറാഡോ കൗണ്ടി പൊതുജനാരോഗ്യ ആക്ടിംഗ് ഡയറക്ടർ കൈൽ ഫ്ലിഫ്ലെറ്റ് പറയുന്നു. പുറത്ത് പോകുമ്പോൾ, പ്രത്യേകിച്ച് നടക്കുമ്പോഴും, കാൽനടയാത്ര നടത്തുമ്പോഴും, കാട്ടു എലികൾ കൂടുതലുള്ള പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുമ്പോഴും ആളുകൾ മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ മൂലമാണ് അണുബാധ ഉണ്ടാകുന്നത്. രോഗം ബാധിച്ച ചെള്ളിന്‍റെ കടിയിലൂടെയോ രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയോ ഇത് മനുഷ്യരിലേക്ക് പടരുന്നു. ഫ്ലൂ ബാധ പോലെ പെട്ടെന്ന് വലിയ പനി, കുളിര്, തലവേദന, ശരീരവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. തുടർന്ന്, രോഗാണു ശരീരത്തിൽ പ്രവേശിച്ച രീതി അനുസരിച്ച് ബുബോനിക്,പ്നയൂമോനിക്, സെപ്ടിസീമിക് എന്നീ മൂന്നു തരത്തിലുള്ള പ്ലേഗ് രോഗ ബാധയിൽ എതെങ്കിലും ഒന്നായി രോഗം മാറും. എലിച്ചെള്ള് മുഖാന്തരമുണ്ടാകുന്ന ബൂബോനിക് പ്ലേഗ്, കാലാന്തരത്തിൽ പ്നയൂമോനിക്, സെപ്ടിസീമിക് എന്നീ ഇനം പ്ലേഗ് ആയി മാറിയേക്കാം.