കംബോഡിയ-തായ്ലൻഡ് സമാധാന കരാർ ഒപ്പുവച്ചു, ട്രംപിനു പ്രശംസ

New Update
Hzbb

വർഷങ്ങൾ നീണ്ട സംഘർഷങ്ങൾ അവസാനിപ്പിച്ചു കൊണ്ട് കംബോഡിയയും തായ്ലൻഡും മലേഷ്യയിൽ സമാധാന കരാർ ഒപ്പുവച്ചു. 10 തെക്കു കിഴക്കനേഷ്യൻ രാജ്യങ്ങൾ ഉൾപ്പെട്ട ആസിയാൻ ഉച്ചകോടിക്കിടെ ക്വാലലംപൂരിൽ കരാറിനു മുൻകൈയെടുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധ്യക്ഷത വഹിച്ച ചടങ്ങിലാണ് കംബോഡിയൻ പ്രധാനമന്ത്രി ഹുൺ മാനെറ്റും തായ് പ്രധാനമന്ത്രി അനുട്ടിൻ ചാൻവിറകുലും കരാർ ഒപ്പിട്ടത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും സാക്ഷിയായി.

Advertisment

സമാധാനം വളർത്താൻ സാമ്പത്തിക ആയുധം ഉപയോഗിക്കുമെന്നു ട്രംപ് പറഞ്ഞു. കംബോഡിയയുമായി യുഎസ് പുതിയൊരു വ്യാപാര കരാർ ഒപ്പുവച്ചിട്ടുണ്ട്. തായ്ലൻഡുമായി മിനറൽസ് പങ്കാളിത്ത കരാറും.

കരാറിനു മനസുവച്ചതിനു ഹുൺ മാനെറ്റ് ട്രംപിനോടു നന്ദി പറഞ്ഞു. ഉറപ്പുള്ള നേതൃത്വവും അക്ഷീണ പരിശ്രമവും കൊണ്ടാണ് അതു സാധിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തായ് പ്രധാനമന്ത്രിയും ട്രംപിൻ്റെ പരിശ്രമത്തെ ശ്ലാഘിച്ചു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിനു ട്രംപ് വിലയേറിയ സംഭാവന നൽകിയെന്ന് അദ്ദേഹം പറഞ്ഞു.

ജൂലൈയിൽ ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അഞ്ചു ദിവസം നീണ്ട ഏറ്റുമുട്ടലിൽ ഒട്ടേറെപ്പേർ കൊല്ലപ്പെട്ടിരുന്നു. സമാധാന കരാർ അനുസരിച്ചു 800 കിലോമീറ്റർ അതിർത്തിയിൽ നിന്നു ഇരു രാജ്യങ്ങളും വൻകിട ആയുധങ്ങൾ പിൻവലിച്ചു.

തായ്ല‌ൻഡ് 18 കംബോഡിയൻ സൈനികരെ വിട്ടയക്കുകയും ചെയ്തു.

Advertisment