പാക്ക് ഭീകരൻ തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ നീക്കം തുടങ്ങി

New Update
F

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്ന് ആരോപിക്കപ്പെടുന്ന തഹാവൂർ റാണയുടെ പൗരത്വം റദ്ദാക്കാൻ കാനഡ നീങ്ങുന്നതായി റിപ്പോർട്ട്. പ്രധാനമന്ത്രി മാർക്ക് കാർണി ഫെബ്രുവരി 26നു ഇന്ത്യയിൽ സന്ദർശനത്തിന് എത്തുന്നതിനു മുൻപായി അതു ചെയ്യാനാണ് നീക്കമെന്നു 'ഗ്ലോബൽ ന്യൂസ്' റിപ്പോർട്ട് ചെയ്തു.

Advertisment

മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്തു വഷളായ ഇന്ത്യാ ബന്ധം മെച്ചപ്പെടുത്താൻ ഉറച്ചാണ് കാർണിയുടെ നടപടികളെന്നു വ്യക്തമായിട്ടുണ്ട്.

പാക്കിസ്ഥാനിയായ റാണ (65) ഇപ്പോൾ വിചാരണ കാത്തു ഇന്ത്യൻ ജയിലിലാണ്. യുഎസിൽ ആയിരുന്ന റാണയെ വിട്ടു കിട്ടിയ ശേഷം ഏപ്രിൽ 10നാണു എൻ ഐ എ അറസ്റ്റ് ചെയ്തത്.

പാക്ക് ഭീകര സംഘടന ലഷ്കർ-ഇ-തയ്ബ നടത്തിയ മുംബൈ ആക്രമണത്തിൽ വിദേശീയർ ഉൾപ്പെടെ 160ലധികം പേർ കൊല്ലപ്പെട്ടിരുന്നു.

2001ൽ ലഭിച്ച കനേഡിയൻ പൗരത്വം റദ്ദാക്കാൻ പോകുന്നു എന്നു കാനഡ ഇമിഗ്രെഷൻ അധികൃതർ റാണയെ അറിയിച്ചു എന്നാണ് പത്രം പറയുന്നത്. തെറ്റായ വിവരങ്ങൾ നൽകിയാണ് റാണ പൗരത്വം നേടിയതെന്നാണ് അറിയിപ്പിൽ പറയുന്നത്.

2000ൽ പൗരത്വത്തിനു അപേക്ഷിക്കുമ്പോൾ റാണ നാലു വർഷം ഓട്ടവയിലും ടൊറോന്റോയിലും താമസിച്ചിരുന്നു എന്നാണ് അവകാശപ്പെട്ടത്. എന്നാൽ ആ കാലഘട്ടത്തിൽ അയാൾ ഷിക്കാഗോയിൽ ആയിരുന്നുവെന്നു പോലീസ് കണ്ടെത്തി. അവിടെ അയാൾക്കു വസ്തുവകകളും ബിസിനസും ഉള്ളതായി തെളിവ് കിടി.

കരുതിക്കൂട്ടി ഗൗരവമായ വഞ്ചന നടത്തുകയാണ് റാണ ചെയ്തതെന്ന് കനേഡിയൻ ഇമിഗ്രെഷൻ അധികൃതർ പറയുന്നു.കാനഡ ഫെഡറൽ കോടതിയിൽ അവർ പരാതി നൽകിയിട്ടുണ്ട്. കോടതിയാണ് പൗരത്വം എടുത്തു കളയേണ്ടത്.

അവകാശലംഘനമാണെന്നു ചൂണ്ടിക്കാട്ടി റാണയുടെ അഭിഭാഷകൻ ആ നീക്കത്തെ ചോദ്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ച കോടതി ഇക്കാര്യത്തിൽ വാദം കേട്ടു.

Advertisment