ഇന്ത്യ-കാനഡ ബന്ധങ്ങൾ മെച്ചപ്പെടുത്താൻ മോദിയുമായുളള ചർച്ചയിൽ തീരുമാനമായെന്നു കാർണി; ഹൈ കമ്മീഷണർമാരെ വൈകാതെ നിയമിക്കും

New Update
Nghvfy

കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു തലസ്ഥാനങ്ങളിലും ഹൈ കമ്മീഷണർമാരെ വൈകാതെ നിയമിക്കുമെന്നു കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. ജി7 ഉച്ചകോടിക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന ചർച്ചകൾക്കു ശേഷം സംസാരിക്കയായിരുന്നു കാർണി.

Advertisment

"ഉഭയകക്ഷി ബന്ധങ്ങൾക്ക്‌ സുപ്രധാനമാവുന്ന കൂടിക്കാഴ്ച്ച ആയിരുന്നു ഞങ്ങളുടേത്," കാർണി മാധ്യമങ്ങളോട് പറഞ്ഞു. "അടിസ്ഥാനമിടുന്ന കൂടിക്കാഴ്ച്ചയെന്നു ഞാൻ അതിനെ വിളിക്കും. ആശയ വിനിമയം തുറന്നതായിരുന്നു. നിയമം നടപ്പാക്കുന്ന കാര്യവും രാജ്യാന്തര അടിച്ചമർത്തലും വിഷയമായി. പരസ്പര ബഹുമാനത്തിലും പരമാധികാരത്തോടുള്ള ആദരവിലും വിശ്വസ്തതയിലും അടിത്തറയിട്ടുള്ള ഒരു ബന്ധം കെട്ടിപ്പടുക്കാൻ കഴിയുന്ന ചർച്ചയായിരുന്നു അത്."

"കാനഡയും ഇന്ത്യയും തമ്മിൽ ജനങ്ങളുടെ തലത്തിലും ബിസിനസിലും അത്യഗാധമായ ബന്ധങ്ങളുണ്ട്. എന്നാൽ ഇപ്പോൾ കോൺസുലർ സേവനങ്ങൾ നിർത്തി വച്ചിരിക്കുകയാണ്. ബന്ധങ്ങൾ വീണ്ടും കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ഹൈ കമ്മീഷണർമാരെ നിയമിക്കേണ്ടത് അത്യാവശ്യമാണ്.

"അക്കാര്യത്തിൽ നടപടി ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ ഒട്ടേറെ കാര്യങ്ങൾ വേറെയും ചെയ്തു തീർക്കാനുണ്ട്."

ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറെ കാനഡയിൽ വച്ചു കൊലപ്പെടുത്തിയ വിഷയം ഉന്നയിച്ചപ്പോൾ കാർണി പറഞ്ഞു: "ഞങ്ങൾ അക്കാര്യവും സംസാരിച്ചു. നിയമപാലനത്തിന്റെ ആവശ്യവും രാജ്യാന്തര അടിച്ചമർത്തൽ തടയേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു. നേരിട്ടുള്ള സഹകരണമാണ് അതിനാവശ്യം.

"ഈ വിഷയത്തിൽ കോടതി നടപടി നടന്നു വരുന്നതിനാൽ ഞാൻ കൂടുതൽ അഭിപ്രായം പറയുന്നില്ല."

നിജ്ജാറെ വധിച്ചത് ഇന്ത്യൻ ഏജന്റുമാർ ആണെന്ന മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ തുടർന്നാണ് ഇരി രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ തകർന്നത്. കാനഡ ഖാലിസ്ഥാൻ തീവ്രവാദികളെ പരിപോഷിപ്പിക്കുന്നു എന്ന ആരോപണം ഇന്ത്യയും ഉന്നയിക്കയും ചെയ്തു. ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധം മുറിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിയത്.

ട്രൂഡോയ്‌ക്കു പിന്തുണ നൽകിയിരുന്ന ഖാലിസ്ഥാൻ അനുകൂലികൾ കാർണി വന്ന ശേഷമുളള തിരഞ്ഞെടുപ്പിൽ തകർന്നടിയുകയും അദ്ദേഹത്തിന്റെ ലിബറൽ പാർട്ടി വൻ ഭൂരിപക്ഷം നേടുകയും ചെയ്തതോടെ സ്വതന്ത്ര നിലപാട് എടുക്കാൻ അദ്ദേഹത്തിനു സൗകര്യം ലഭിച്ചു

Advertisment