കന്യാസ്ത്രീകളുടെ അറസ്റ്റ്: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ അപലപിച്ചു

New Update
Vvbb

ചിക്കാഗോ: ഛത്തീസ്ഗഡില്‍ നടന്ന അനീതിപരവും, അകാരണവും, അന്യായവുമായ കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം ശക്തമായി പ്രതിഷേധിക്കുകയും, അപലപിക്കുന്ന പ്രമേയം പാസാക്കുകയും ചെയ്തു.

Advertisment

ഓഗസ്‌റഅറ് 12-ാം തീയതി സെന്റ് മേരീസ് മലങ്കര കാത്തലിക് ദേവാലയത്തില്‍ കൂടിയ കൗണ്‍സില്‍ മീറ്റിംഗില്‍, എക്യൂമെനിക്കല്‍ പ്രസിഡന്റ് ഫാ.തോമസ് മാത്യു അദ്ധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് റവ.ബിജു യോഹന്നാന്റെ പ്രാരംഭ പ്രാര്‍ത്ഥനയ്ക്കുശേഷം ബെഞ്ചമിന്‍ തോമസ് (ജോ.സെക്രട്ടറി)ഏവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തില്‍ ഫാ.തോമസ് മാത്യു, കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റിനെ അപലപിച്ച് സംസാരിച്ചു.

മത വിശ്വാസങ്ങള്‍ അനുഷ്ഠിക്കുവാനും, പ്രോത്സാഹിപ്പിക്കുവാനും, പ്രചരിപ്പിക്കുവാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്. കന്യാസ്ത്രീകളുടെ അറസ്റ്റിലൂടെ, ഭരണഘടനയുടെ ലംഘനവും, മതസ്വാതന്ത്ര്യത്തിന്റെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെയും മേലുള്ള കടന്നു കയറ്റവുമാണ് നടന്നിരിക്കുന്നത്.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. തുടര്‍ന്ന് അപലപിക്കാനുള്ള പ്രമേയം റവ.ബിജു യോഹന്നാന്‍ അവതരിപ്പിച്ചു. ഇന്ത്യാ മഹാരാജ്യത്തിലെ പൗരന്മാരെ സംരക്ഷിക്കുക എന്നത് രാജ്യത്തിന്റെ ഭരണാധികാരികളുടെ ഉത്തരവാദിത്വമാണ്. ഭാരതത്തിലെ വര്‍ഗ്ഗീയ ഘടകങ്ങള്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുക, വസ്തുവകകള്‍ നശിപ്പിക്കുക, മത ചടങ്ങുകള്‍ തടസ്സപ്പെടുത്തുക, ശാരീരികവും, മാനസികവുമായി പീഡിപ്പിക്കുക, അപമാനിക്കുക എന്നത് ഒരു കാലത്തും അനുവദനീയമല്ല. ഓരോ വര്‍ഷവും ഏതാണ്ട് 800 ഓളം ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെ നടന്നിരിക്കുന്നത്.

സംസ്‌ക്കാരം, പൈതൃകം, ഭാഷാ, ജാതി, മത, വര്‍ഗ്ഗം എന്നിവ കൊണ്ട് ഭാരതം വ്യത്യസ്ഥമാണ്. നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തിന് ഏറ്റവും വലിയ ഒരു പ്രഹരമാണ് ഈ അതിക്രമത്തിലൂടെ നടന്നത്.

പ്രമേയത്തിലൂടെ ക്രൈസ്തവരുടെ മേല്‍ നടക്കുന്ന അതിക്രമങ്ങളെയും, കന്യാസ്ത്രീ അറസ്റ്റിനെയും ശക്തമായി അപലപിക്കുകയും, പ്രമേയം ഐകകണ്‌ഠേന പാസാക്കുകയും ചെയ്തു. പ്രമേയം ഇന്ത്യന്‍ കോണ്‍സുല്‍ ജനറലിനും, ഇല്ലിനോയി സെനറ്റേഴ്‌സിനും സമര്‍പ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.

റവ.ജെയിംസ് തോമസ്, സാം തോമസ് എന്നിവര്‍ അറസ്റ്റിനെതിരെ പ്രതിഷേധിച്ച് സംസാരിച്ചു.

ജോര്‍ജ് പണിക്കര്‍ മീറ്റിംഗില്‍ സംബന്ധിച്ച ഏവര്‍ക്കും നന്ദി അറിയിച്ചു. റവ.ജെയിംസ് തോമസ് സമാപന പ്രാര്‍ത്ഥന നടത്തി.

കൗണ്‍സില്‍ സെക്രട്ടറി അച്ചന്‍കുഞ്ഞ് മാത്യു മീറ്റിംഗിന്റെ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചു.

Advertisment