ഷിക്കാഗോ ഐസ് റെയ്‌ഡുകൾക്കെതിരെ പരാതിയുമായി മേയർ യുഎൻ മനുഷ്യവകാശ സമിതിയിൽ

New Update
G

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ എന്ന പേരിൽ ഷിക്കാഗോയിൽ ട്രംപ് ഭരണകൂടം നടത്തുന്ന തിരച്ചിലിലെ അധികാര ദുർവിനിയോഗവും മനുഷ്യാവകാശ ലംഘനവും യുഎൻ മനുഷ്യാവകാശ കൗൺസിലിൽ മേയർ ബ്രാണ്ടൻ ജോൺസൺ ഉന്നയിച്ചു. കാര്യങ്ങൾ നേരിട്ട് കാണാൻ യുഎൻ സ്വതന്ത്ര നിരീക്ഷകരുടെ പാനലിനെ ജോൺസൺ ക്ഷണിച്ചു.

Advertisment

രാജ്യത്തെ മൂന്നാം വൻ നഗരമായ ഷിക്കാഗോയിൽ ജീവിക്കുന്ന മനുഷ്യരുടെ അന്തസിനെ ഹനിക്കുന്ന രീതിയിലാണ് ഫെഡറൽ അധികൃതർ വേട്ട നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റെയ്ഡുകൾ അക്രമാസക്തമാണ്.

യുഎസിലെ മനുഷ്യാവകാശ പ്രതിസന്ധി ചർച്ച ചെയ്യാൻ കൗൺസിൽ പ്രത്യേക സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ടു. ജോൺസൺ

"ഒരു രാജ്യവും അന്താരാഷ്ട്ര നിയമങ്ങൾക്കു അതീതമാവാൻ പാടില്ല. ലോകത്തു മറ്റെവിടെയും നടപ്പാക്കുന്ന മനുഷ്യാവകാശ നിലവാരം യുഎസിലും ഉണ്ടാവണം. അതിനു ഫെഡറൽ ഗവൺമെന്റിനെ കൊണ്ട് ഉത്തരം പറയിക്കണം."

സെപ്റ്റംബറിൽ ഷിക്കാഗോ മേഖലയിൽ ഐസ് 'ഓപ്പറേഷൻ മിഡ്വെ ബ്ലിറ്റ്സ്' ആരംഭിച്ച ശേഷം എന്ജറ്റുമാർ തൊഴിലിടങ്ങളിൽ ഇരച്ചു കയറുകയും വീടുകളിൽ നിന്ന് ആളുകളെ വലിച്ചിറക്കി തെരുവിൽ വലിച്ചിഴയ്ക്കുകയും ചെയ്തതായി പരാതികൾ ഉയർന്നിരുന്നു. പ്രതിഷേധിച്ചവരെ പിരിച്ചു വിടാൻ രാസ വസ്‌തുക്കൾ പ്രയോഗിച്ചെന്നും പരാതി ഉയർന്നു.

ബുധനാഴ്ച്ച ഒരു അധ്യാപികയെ പ്രൈവറ്റ് സ്കൂളിൻ്റെ ഗ്രൗണ്ട് വരെ ഓടിച്ചിട്ടാണ് ഇമിഗ്രെഷൻ അധികൃതർ പിടികൂടിയത്. സ്കൂൾ പരിസരത്തു പ്രവേശിച്ചു അറസ്റ്റ് നടത്തുന്നതിനു അവർക്കു അനുമതി ഉണ്ടായിരുന്നില്ല.

'മനസാക്ഷിയെ ഞെട്ടിക്കുന്ന പ്രവൃത്തികൾ' എന്നാണ് ഫെഡറൽ കോടതി അതിനെയൊക്കെ വിശേഷിപ്പിച്ചത്.

ട്രംപ് ഭരണകൂടത്തിന്റെ ധാർമികമായ പരാജയമാണ് ഷിക്കാഗോയിൽ കാണുന്നതെന്നു ജോൺസൺ ചൂണ്ടിക്കാട്ടി. "സുതാര്യത, ഉത്തരവാദിത്തം എന്നിവയിൽ കാണേണ്ട അടിസ്ഥാന മര്യാദകൾ പോലും അവിടെ കാണാനില്ല.

യൂണിവേഴ്സൽ പീരിയോഡിക് റിവ്യൂ റിപ്പോർട്ട് ഹാജരാക്കുന്നില്ല, അതിന്റെ വിലയിരുത്തലിനു ഹാജരാവുന്നില്ല. മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയാണ് ഭരണകൂടം ചെയ്യുന്നത്."

ജോൺസൺ ഐസിനെയും സിബിപിയെയും നിയമം നടപ്പാക്കുന്നതിന്റെ പേരിൽ അതിഭീകരരായി ചിത്രീകരിക്കാൻ ശ്രമിക്കയാണെന്നു വാഷിംഗ്‌ടൺ പോസ്റ്റിനു നൽകിയ പ്രസ്താവനയിൽ ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിഷ്യ മക്ലോഫിൻ ആരോപിച്ചു. "പ്രസിഡന്റ് ട്രംപിന്റെ നാടുകടത്തൽ ലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുന്ന ഫെഡറൽ ഉദ്യോഗസ്ഥർ കൂടുതൽ കഠിനമായ വെല്ലുവിളികൾ നേരിടുകയാണ്. ഈ രാജ്യത്തു ജീവിക്കാൻ അവകാശമില്ലാത്ത കുറ്റവാളി സംഘങ്ങളും കൊലയാളികളും ലഹരി കടത്തുകാരും ബലാത്സംഗക്കാരും നിരപരാധികളായ അമേരിക്കക്കാരെ ആക്രമിക്കുന്നതിനെ കുറിച്ചു തെല്ലും ആശങ്കയില്ലെന്നു മേയർ ജോൺസൺ ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്.

"ഒരു പക്ഷെ ഷിക്കാഗോയുടെ കുറ്റകൃത്യ നിരക്കുകൾ മാനുഷിക പ്രതിസന്ധിയായി കണ്ടു യുണൈറ്റഡ് നേഷൻസ് അന്വേഷിക്കുന്നത് നന്നായിരിക്കും."

ഓപ്പറേഷൻ മിഡ്വെ ബ്ളിറ്സിൽ 3,000ലേറെ രേഖകൾ ഇല്ലാത്തവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു ഹോംലാൻഡ് സെക്യൂരിറ്റി പറഞ്ഞു.

വെനസ്വേലയിലെ ട്രെൻ ഡി അറാഗ്വാ സംഘത്തിൽ പെട്ട 37 പേരെ അറസ്റ്റ് ചെയ്തു.

ഡസൻ കണക്കിനു വീടുകൾ ഐസ് റെയ്ഡ് ചെയ്തെന്നു ജോൺസൺ പറഞ്ഞു. കറുത്ത വർഗക്കാരെ അവർ ലക്ഷ്യമിട്ടു.

Advertisment