/sathyam/media/media_files/2025/09/01/hbvv-2025-09-01-04-48-19.jpg)
ഷിക്കാഗോ: അഭ്യന്തര വിഷയങ്ങളിൽ ഫെഡറൽ ഇടപെടലിന് ശ്രമിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ശക്തമായ നിലപാടുമായി ഷിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ. ട്രംപിന്റെ സൈനിക ഇടപെടൽ തടയാനായി ഷിക്കാഗോ പ്രൊട്ടക്റ്റിങ് ഇനിഷ്യേറ്റീവ് എന്ന് പേരിട്ട ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ മേയർ ഒപ്പിട്ടു. ട്രംപിന്റെ നിയന്ത്രണാതീതമായ ഭീഷണികളിൽ നിന്നും നടപടികളിൽ നിന്നും നഗരത്തിലെ താമസക്കാരെ സംരക്ഷിക്കുക എന്നതാണ് ഈ ഉത്തരവിന്റെ പ്രധാന ലക്ഷ്യമെന്ന് മേയർ അറിയിച്ചു.
പുതിയ ഉത്തരവ് പ്രകാരം, ഷിക്കാഗോയിലെ പൊലീസ് ഉദ്യോഗസ്ഥർ സൈനിക ഉദ്യോഗസ്ഥരുമായി ചേർന്നുള്ള പട്രോളിങ്ങിലോ കുടിയേറ്റ നിയന്ത്രണ പ്രവർത്തനങ്ങളിലോ സഹകരിക്കില്ല. രാജ്യത്തെ ഏതൊരു നഗരവും സ്വീകരിക്കുന്നതിൽ വെച്ച് ഏറ്റവും വലിയ പ്രതിരോധ നടപടിയാണിതെന്നും മേയർ കൂട്ടിച്ചേർത്തു.
വാഷിങ്ടൻ ഡി.സിക്ക് പിന്നാലെ മറ്റ് പ്രധാന നഗരങ്ങളിലേക്കും നാഷനൽ ഗാർഡിനെ വിന്യസിക്കാനുള്ള നീക്കം ട്രംപ് പരിഗണിക്കവേയാണ് ഷിക്കാഗോയുടെ ഈ തീരുമാനം. ക്രമസമാധാനം മെച്ചപ്പെടുത്താനാണ് ഈ നടപടിയെന്നാണ് ട്രംപിന്റെ വാദം. അതേസമയം, ഇലിനോയ് ഗവർണർ ജെ.ബി. പ്രിറ്റ്സ്കർ, ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് എന്നിവരുൾപ്പെടെയുള്ളവർ ട്രംപിന്റെ നീക്കത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.