ഡാലസ് : സമൂഹമാധ്യമങ്ങളിലൂടെ അന്യന്റെ സ്വകാര്യ ദുഃഖങ്ങളെ പർവതീകരിച്ച് കാണിക്കുന്ന ആപത്കരമായ പ്രവണത ഇന്ന് വർധിച്ചുവരുന്നു. ഇത് ദൂരവ്യാപകമായ ദോഷകര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതായി മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത.
ഇതിന് ഏക പരിഹാര മാർഗം സഹോദരന്റെ സ്വകാര്യ ദുഃഖങ്ങളെ രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള ആർജ്ജവം നാമോരോരുത്തരും സ്വായത്തമാക്കുകയെന്നതാണ്. വലിയ നോമ്പിനോടനുബന്ധിച്ച് ഡാലസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ സംഘടിപ്പിച്ച സന്ധ്യ നമസ്കാരത്തിനിടയിൽ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പൊലീത്ത.
അപൂർണമായ മനുഷ്യനെ പൂർണതയിലേക്ക് നയിക്കുന്നതിനാണ് യേശുക്രിസ്തു മനുഷ്യാവതാരമെടുത്ത് ഭൂമിയിൽ ജനിച്ചതും മൂന്നര വർഷത്തെ പരസ്യ ശുശ്രൂഷയ്ക്ക് ശേഷം ക്രൂശുമരണത്തിന് ഏൽപ്പിച്ചുകൊടുത്തതും. മൂന്നാം നാൾ മരണത്തെ കീഴ്പ്പെടുത്തി ഉയർത്തെഴുന്നേറ്റ് സ്വർഗത്തിലേക്ക് കരേറിയതെന്നും തിരുവചനം നമ്മെ പഠിപ്പിക്കുന്നു.
സമൂഹത്തിൽ നിന്നും നിഷ്കാസിതരായ പത്തു കുഷ്ഠരോഗികൾക്ക് രോഗ സൗഖ്യം നൽകുക വഴി തന്റെ ദൗത്യത്തിന്റെ ലക്ഷ്യം എന്താണെന്ന് പ്രവർത്തിയിലൂടെ ക്രിസ്തു വെളിപ്പെടുത്തി. ക്രിസ്തുവിന്റെ സാമീപ്യം പോലും കുഷ്ഠരോഗികളുടെ സൗഖ്യത്തിന് മുഖാന്തിരമായതായി കാണുന്നു.
അപൂർണമായ മനുഷ്യനെ പൂർണതയിലേക്ക് നയിക്കുന്ന ഈ നിയോഗ ശുശ്രൂഷയാണ് നാം ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. മാർത്തോമ്മാ മെത്രാപ്പൊലീത്തയായി ചുമതല ഏറ്റെടുത്തതിനു ശേഷം ആദ്യമായി ഡാലസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ചിലെത്തിയ മെത്രാപ്പൊലീത്തയെ ഇടവക വികാരി ഷൈജു സി. ജോയ്, ട്രസ്റ്റി ജോൺ മാത്യു, സെക്രട്ടറി സോജി സ്കറിയ, റവ. പ്രസിഡന്റ് തോമസ് ഏബ്രഹാം, അക്കൗണ്ടന്റ് സക്കറിയാ തോമസ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.
തുടർന്ന് ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷയ്ക്ക് ശേഷം നടന്ന സന്ധ്യ നമസ്കാരത്തിന് മെത്രാപ്പൊലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ഇടവക സെക്രട്ടറി സോജി സ്കറിയ നന്ദി അറിയിച്ചു. ഫാർമേഴ്സ് മാർത്തോമാ ഇടവക വികാരി റവ. അലക്സ് യോഹന്നാൻ, റവ. ഷൈജു സി. ജോയ്, രാജൻ കുഞ്ഞു ചിറയിൽ, ടെനി കൊരുത് എന്നിവർ സഹ കാർമികരായിരുന്നു. നിക്കി, ക്രിസ്റ്റിന എന്നിവർ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. ഇടവക വികാരി ഷൈജു സി. ജോയ് സ്വാഗതവും സെക്രട്ടറി സോജി സ്കറിയ നന്ദിയും അറിയിച്ചു.