ക്രിസ്ത്യൻ അപ്പോളജറ്റിക്സ് ഡാലസ് സെമിനാർ സംഘടിപ്പിച്ചു

New Update
J

ഡാലസ്: ക്രിസ്ത്യൻ അപ്പോളജറ്റിക്സ് ഡാലസിന്റെ ആഭിമുഖ്യത്തിൽ ‘ഇന്ത്യയിലെ ക്രൈസ്തവർ: ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. 18ന് വൈകിട്ട് 7 മണിക്ക് ഡാലസ് സെന്റ് പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ റവ. ഡോ. ജോൺസൺ തേക്കടയിൽ മുഖ്യ പ്രഭാഷണം നടത്തി.

Advertisment

ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തിന്റെ ചരിത്രപരമായ പശ്ചാത്തലവും വർത്തമാനകാല വെല്ലുവിളികളും സെമിനാറിൽ ചർച്ചയായി. ഒക്ലഹോമയിൽ നിന്നും എത്തിയ മണിപ്പൂർ സ്വദേശിയും ലവ് മിനിസ്ട്രി പാസ്റ്ററുമായ ഡോ. സായി ടൗത്ഹങ് തന്റെ കുടുംബാംഗങ്ങൾ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് വിശദീകരിച്ചത് കേൾവിക്കാരുടെ കണ്ണുകളെ ഈറനണിയിച്ചു.

പി.പി. ചെറിയാൻ സ്വാഗതം ആശംസിച്ച യോഗത്തിൽ റവ. റെജിൻ രാജു അധ്യക്ഷത വഹിച്ചു. ബ്രദർ പ്രശാന്ത് ഡേവിഡ് പ്രഭാഷകനെ പരിചയപ്പെടുത്തി. കെ.സി.ഇ.എഫ് സെക്രട്ടറി അലക്സ് അലക്സാണ്ടർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ വെച്ച് മുഖ്യാതിഥിയായ റവ. ഡോ. ജോൺസൺ തേക്കടയിലിനെ നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസന കൗൺസിൽ അംഗം ഷാജി രാമപുരം ആദരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിൽ നിന്നുള്ള ഒട്ടേറെ വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു. തോമസ് ജോർജ് (തമ്പി) നന്ദി രേഖപ്പെടുത്തി. റവ. റെജിൻ സുകുവിന്റെ പ്രാർഥനയ്ക്കും ആശീർവാദത്തിനും ശേഷം സെമിനാർ സമാപിച്ചു.

Advertisment