ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരുണ്ടെന്നു മേയിൽ അറ്റോണി ജനറൽ പാം ബോണ്ടി അദ്ദേഹത്തെ അറിയിച്ചിരുന്നുവെന്നു സി എൻ എൻ റിപ്പോർട്ട് ചെയ്തു. ഡെപ്യൂട്ടി അറ്റോണി ജനറൽ ടോഡ് ബ്ലാഞ്ചും പതിവുള്ള ആ ബ്രീഫിംഗിൽ ഉണ്ടായിരുന്നു.
ബുധനാഴ്ച്ച സംയുക്ത പ്രസ്താവനയിൽ ബോണ്ടിയും ബ്ലാഞ്ചും പറഞ്ഞു: "ജസ്റ്റിസ് ഡിപ്പാർട്മെന്റും എഫ് ബി ഐയും എപ്‌സ്റ്റീൻ ഫയലുകൾ പഠിക്കയും ജൂലൈ 6 മെമ്മോയിൽ പറയുന്ന നിഗമനങ്ങളിൽ എത്തിച്ചേരുകയും ചെയ്തു. കൂടുതലായി എന്തെങ്കിലും അന്വേഷണമോ പ്രോസിക്യൂഷനോ ആവശ്യമുള്ള യാതൊന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. ഗ്രാൻഡ് ജൂറിയുടെ ട്രാൻസ്‌ക്രിപ്റ്റ് ലഭ്യമാക്കാൻ നമ്മൾ അപേക്ഷ കൊടുത്തിട്ടുണ്ട്. പതിവുള്ള ബ്രീഫിംഗിന്റെ ഭാഗമായി പ്രസിഡന്റിനെ ഈ കാര്യങ്ങൾ അറിയിച്ചിട്ടുണ്ട്."
മറ്റു പല ഉന്നതന്മാരുടെയും പേരുകൾ ഫയലുകളിൽ ഉണ്ടായിരുന്നുവെന്നാണ് ബോണ്ടി ട്രംപിനോട് പറഞ്ഞതെന്നു സി എൻ എൻ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ എപ്‌സ്റ്റീൻ സൂക്ഷിച്ചിരുന്നു എന്നു പറയുന്ന പ്രമുഖരുടെ പട്ടിക അന്വേഷണത്തിൽ കണ്ടെത്തിയില്ല. എപ്‌സ്റ്റീൻ ജയിലിൽ ആത്മഹത്യ ചെയ്‌തെന്ന നിഗമനം തെറ്റാണെന്നു സ്ഥാപിക്കുന്ന തെളിവുകളും ലഭിച്ചില്ല.
ട്രംപിനെതിരെ ഉയർന്ന ആരോപണങ്ങൾക്കു ജസ്റ്റിസ് ഡിപ്പാർട്മെന്റ് തെളിവൊന്നും കണ്ടെത്തിയില്ല.
ഏതു സന്ദർഭവുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ പേര് കാണുന്നതെന്നു സി എൻ എൻ പറയുന്നില്ല.
എപ്‌സ്റ്റീൻ വൃത്തികെട്ടവൻ ആയതു കൊണ്ട് ട്രംപ് അകറ്റി നിർത്തി എന്നാണ് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്റ്റർ സ്റ്റീവൻ ചുങ് സി എൻ എൻ ടെലിവിഷനോട് പ്രതികരിച്ചത്. "ഇതെല്ലാം ഡെമോക്രാറ്റുകളും ലിബറൽ മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന വ്യാജ വാർത്തകൾ മാത്രമാണ്. ഒബാമ ഉണ്ടാക്കിയ റഷ്യഗേറ്റ് വിവാദം പോലെ. അതിൽ പ്രസിഡന്റ് ട്രംപിന്റെ ഭാഗം ആയിരുന്നു ശരി."