/sathyam/media/media_files/2025/08/19/gbvvc-2025-08-19-04-47-01.jpg)
ന്യു യോർക്ക്: മൻഹാട്ടൻ കഴിഞ്ഞാൽ ന്യു യോർക്ക് സിറ്റിക്കുള്ളിൽ തന്നെ നടക്കുന്ന ക്വീൻസ് ഇന്ത്യ ഡേ പരേഡിൽ ആയിരങ്ങൾ ഭാരതാംബക്ക് ആദരവുമായി അണിനിരന്നപ്പോൾ ഹിൽസൈഡ് അവന്യു ത്രിവർണങ്ങളിൽ മുങ്ങി. ഫ്ലോറൽ പാർക്ക് ബെൽറ്സ് മർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരേഡ് പത്താം വർഷത്തിലേക്കു കടന്നപ്പോൾ ഇന്ത്യാക്കാരുടെ ഒരുമയും ശക്തിയും പ്രകടിപ്പിക്കുന്ന വാർഷോകോത്സവമായി അത് . മലയാളികൾ നേതൃത്വം നൽകുന്ന ഏക പരേഡ് എന്ന നിലയിൽ മലയാളി സാന്നിധ്യവും പരേഡിനെ വ്യത്യസ്തമാക്കി.
കടുത്ത ചൂടിനെ അവഗണിച്ചും ആബാലവൃദ്ധം ജനങ്ങൾ പരേഡിന് ഹിൽസൈഡ് അവന്യുവിൽ 268 മത് സ്ട്രീറ്റിൽ അണിനിരന്നു. ഫ്ളോട്ടുകളും താളമേളങ്ങളും ത്രിവർണ പതാകകളും ഭാരതമാതാവിനു ജയ് വിളികളുമായി ജനം അണിനിരന്നപ്പോൾ കാഴ്ചക്കാരായും റോഡിനിരുവശത്തും നിരവധി ജനങ്ങൾ.
ന്യു യോർക്ക് പോലീസിന്റെ സജീവ സാന്നിധ്യമായിരുന്നു ആദ്യം സൃതിഹയിൽ പെടുക. അശ്വാരൂഢരായ പോലിസ് ഓഫിസർമാർ നയിച്ച പരേഡിന് പിന്നിൽ പൊലീസിലെ ദേശി അംഗങ്ങൾ മാർച്ച് ചെയ്തു. സിറ്റി പൊലീസിലെ ദേശി സൊസൈറ്റിയും പരേഡിനെത്തി. അമേരിക്കൻ മലയാളി ലോ എൻഫോഴ്‌സ്‌മെന്റ് അംഗബലത്തോടെ പരേഡിനെത്തി.
മതഭേദമില്ലാതെ ബി.എ.പി.എസ്, ജൈന സൊസൈറ്റി, ക്രിസ്ത്യൻ സംഘടനകൾ എന്നിവ പരേഡിൽ മാർച്ച് ചെയ്തതും ഇന്ത്യയുടെ പ്രത്യേകതയായ ബഹുസ്വരതയുടെ പ്രതിഫലനമായി.
ബോളിവുഡ് നടി ശേഷാൽ ശർമ്മ ആയിരുന്നു ഗ്രാൻഡ് മാർഷൽ. മിസ് ന്യു യോർക്ക് ആയിരുന്ന മീരാ മാത്യുസ്, കേരളത്തിൽ നിന്ന് വന്ന മുൻ ഡി.ജി.പി. ഋഷിരാജ് സിംഗ്, മുൻ ന്യു യോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസ് തുടങ്ങിവരും പരേഡിനെ നയിച്ചു.
അസൗകര്യം മൂലം മേയർ എറിക്ക് ആഡംസിനു എത്താനായില്ല. എന്നാൽ മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി കർട്ടിസ് സ്ലീവാ, ഡമോക്രാറ്റിക് സ്ഥാനാർത്ഥിയും ക്വീൻസിലെ തന്നെ അസംബ്ലിമാനുമായ സൊഹ്‌റാൻ മാംദാനി എന്നിവർ എത്തി. ഇരുവരും ഔദ്യോഗിക ക്ഷണിതാക്കളല്ലായിരുന്നുവെങ്കിലും അവരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകച്ചു യുവജനതയുടെ വലിയ സംഘവുമായി എത്തിയ ഇന്ത്യാക്കാരൻ കൂടിയായ മാംദാനിയുടെ സാന്നിധ്യം.
ക്വീൻസ് ബോറോ പ്രസിഡന്റ് ഡൊണോവൻ റിച്ചാർഡ്‌സ്, അസംബ്ലിമാൻ ബൗണ്സ്റ്റെയിൻ, അസംബ്ലിവുമണും ഇന്ത്യാക്കാരിയുമായ ജെന്നിഫർ രാജ്‌കുമാർ, ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള കോൺസൽ സെവാഗ്, നാസാ കൗണ്ടി ലെജിസ്ളേറ്റർ ക്രിസ്റ്റിൻ ലു തുടങ്ങിയവർ പ്രസംഗിച്ചു.
സാംസ്കാരിക പരിപാടികൾ, ട്രേഡ് ഷോ, ഫുഡ് സ്റ്റാൾ, ഡിജെ എന്റർടെയ്ന്മെന്റ് എന്നിങ്ങനെ പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് ആഘോഷങ്ങൾ അണിയിച്ചൊരുക്കിയത്. വിവിധ കലാപരിപാകളോടെ ചടങ്ങുകൾക്ക് സമാപനമായി.
പരേഡ് കമ്മിറ്റി ചെയർ കോശി തോമസ് (കോശി ഉമ്മൻ) ആയിരുന്നു. സുഭാഷ് കപാഡിയ (ചെയർമാൻ), ഉജ്വല ഷാ (വൈസ് ചെയർമാൻ), കളത്തിൽ വർഗീസ്, മാത്യു തോമസ്, കോശി തോമസ് എന്നിവരാണ് അസോസിയേഷന്റെ ഡയറക്ടർമാർ. ഇവർക്ക് പുറമെ ഡിൻസിൽ ജോർജ് (പ്രസിഡന്റ്), മേരി ഫിലിപ്പ് (സെക്രട്ടറി), ആശ മാമ്പിള്ളി (ട്രഷറർ), ജോർജ്ജ് സി.പറമ്പിൽ, അരുൺ ചന്ദ്ര, വി.എം.ചാക്കോ, രാജു എബ്രഹാം, അശോക് ജെയിൻ, വിനോദ് ആർ.പട്ടേൽ, ദിവ്യേഷ് ത്രിപാഠി, രജ്‌നിബായ് ഗാന്ധി തുടങ്ങിയ പ്രമുഖർ അടങ്ങുന്ന കമ്മിറ്റിയുടെ അദ്ധ്വാനത്തിന്റെ ഫലമായാണ് ഇന്ത്യയുടെ സ്വാതന്ത്ര്യദിനം മാതൃരാജ്യത്തെ അതേ ആവേശത്തോടെ അമേരിക്കയിലും ആഘോഷിക്കപ്പെട്ടത്.