/sathyam/media/media_files/2025/09/29/nnnnbj-2025-09-29-03-24-38.jpg)
വാഷിങ്ടണ്‍: അമെരിക്ക എച്ച്1ബി വിസാ ഫീസ് ഒരു ലക്ഷം ഡോളറാക്കിയതോടെ വിദേശീയരായ വിദഗ്ധ തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യുന്ന അമെരിക്കന്‍ കമ്പനികള്‍ വെട്ടിലായി. ഈ ഉയര്‍ന്ന വിസാഫീസ് മൂലം പല അമെരിക്കന്‍ കമ്പനികളും വിദേശീയരായ ജീവനക്കാരെ സ്പോണ്‍സര്‍ ചെയ്യാന്‍ മടിക്കുന്ന അവസ്ഥയിലാണ്. ഇത് ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എച്ച് 1 ബി വിസയ്ക്ക് ബദലായി എല്‍1 വിസയെ കൂടുതല്‍ ആശ്രയിക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉള്ളത്.
നിലവില്‍ പല കമ്പനികളും എച്ച് 1 ബി വിസ സൃഷ്ടിച്ച അനിശ്ചിതത്വം ഒഴിവാക്കാന്‍ എല്‍ 1 വിസയെ ആശ്രയിച്ചു തുടങ്ങിയിരിക്കുന്നു. എന്നാല്‍ എല്‍ 1 വിസയ്ക്ക് അപേക്ഷിക്കുന്ന ജീവനക്കാരന്‍ അപേക്ഷിക്കുന്നതിന് തൊട്ടു മുമ്പുള്ള ഒരു വര്‍ഷം വിദേശത്ത് ജോലി ചെയ്തിരിക്കണം എന്ന നിബന്ധന പുതിയ നിയമനങ്ങള്‍ക്ക് തടസമാകുന്നുണ്ട്.
ഇത് ഒരു കുടിയേറ്റ ഇതര വിസയാണ്. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അവരുടെ ജീവനക്കാരെ യുഎസിലേയ്ക്കു താല്‍ക്കാലികമായി മാറ്റാന്‍ ഇത് സഹായിക്കുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാനും പ്രൊജക്റ്റുകള്‍ക്ക് മേല്‍ നോട്ടം വഹിക്കാനും ജീവനക്കാരുടെ പ്രത്യേക വൈദഗ്ധ്യം പ്രയോജനപ്പെടുത്താനും ഉപകരിക്കുന്ന വിസയാണ് എല്‍ 1 വിസ. ഇത് രണ്ടു തരത്തിലാണ് ഉള്ളത്.
എല്‍ 1 എ വിസ: മാനെജര്‍മാര്‍ക്കും എക്സിക്യൂട്ടീവുകള്‍ക്കും വേണ്ടിയാണ് എല്‍ 1 എ വിസ.
എല്‍ 1 ബി വിസ: ഇത് കമ്പനിയുടെ ഉല്‍പന്നങ്ങള്‍, സാങ്കേതിക വിദ്യ അല്ലെങ്കില്‍ മറ്റ് മേഖലകളില്‍ പ്രത്യേക അറിവുള്ള ജീവനക്കാര്‍ക്ക് ഉള്ളതാണ്. ഈ വിസയ്ക്ക് അപേക്ഷിക്കുന്ന ജീവനക്കാരനും സ്പോണ്‍സര്‍ ചെയ്യുന്ന തൊഴിലുടമയും ചില യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്.
അപേക്ഷകര്‍ യോഗ്യതയുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയിലെ ജീവനക്കാരന്‍ ആയിരിക്കണം. എല്‍1 എ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് മാനെജീരിയല്‍ അല്ലെങ്കില്‍ എക്സിക്യൂട്ടീവ് തലത്തിലുള്ള ജോലി ചെയ്യാനുള്ള യോഗ്യത ഉണ്ടാകണം. എല്‍ 1 ബി വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് കമ്പനിയുടെ ഉല്‍പന്നങ്ങള്‍, സേവനങ്ങള്‍ അല്ലെങ്കില്‍ നടപടിക്രമങ്ങളെ കുറിച്ച് പ്രത്യേക അറിവു വേണം.
വിസയ്ക്ക് അപേക്ഷിക്കുന്നതിനു തൊട്ടു മുമ്പുള്ള മൂന്നു വര്‍ഷത്തിനുള്ളില്‍ ഒരു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിരിക്കണം. യുഎസ് തൊഴിലുടമയ്ക്ക് വിദേശത്തുള്ള കമ്പനിയുമായി ബന്ധമുണ്ടായിരിക്കണം. യുഎസില്‍ ബിസിനസ് നടത്തുകയും ജീവനക്കാരന് ജോലി ചെയ്യാന്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കുകയും വേണം.
ഒ 1 വിസ: എല്‍ 1 വിസയ്ക്കു പുറമേ അസാധാരണ പ്രതിഭാശാലികളായവര്‍ക്ക് വേണ്ടിയുള്ള ഒ 1 വിസയെ കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നു. എച്ച് 1 ബി പ്രോഗ്രാം വഴി അല്ലാതെ യുഎസില്‍ ജോലി തുടരാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ക്ക് ഇത് വളരെ നല്ല മാര്‍ഗമാണ്.
ഒ 1 എ വിസ: ശാസ്ത്രം, വിദ്യാഭ്യാസം, ബിസിനസ് ,കായികം എന്നീ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ക്ക് ഉള്ളതാണ് ഈ വിസ.
ഒ1 ബി വിസ: കലയിലോ അല്ലെങ്കില്‍ സിനിമ, ടിവി വ്യവസായങ്ങളിലോ മികച്ച നേട്ടങ്ങള്‍ കൈവരിക്കുകയും ദേശീയ, അന്തര്‍ദേശീയ തലത്തില്‍ അംഗീകാരം നേടുകയും ചെയ്തവര്‍ക്ക് ഉള്ളതാണ് ഇത്. പരാമര്‍ശിക്കപ്പെട്ട തനതു മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കു മാത്രം അപേക്ഷിക്കാനുള്ള വിസയാണ് ഇത്.