യുഎസിൽ ഫോൾ അക്കാഡമിക് സെമസ്റ്റർ അടുത്തിരിക്കെ ഇന്ത്യൻ വിദ്യാർഥികൾ ഇപ്പോഴും വിസ കിട്ടാതെ കുഴങ്ങുകയാണെന്നു യുഎസ് കോൺഗ്രസിലെ 14 അംഗങ്ങൾ ചൂണ്ടിക്കാട്ടി. സെപ്റ്റംബറിൽ ക്‌ളാസുകൾ തുടങ്ങാനിരിക്കെ, ഇക്കാര്യത്തിൽ അടിയന്തര നടപടി എടുക്കണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്മെന്റിനോട് അവർ അഭ്യർഥിച്ചു.
ഇത്തരം കാലതാമസം അന്താരാഷ്ട്ര വിദ്യാഭ്യാസത്തെ തകിടം മറിക്കയും യുഎസിന്റെ ആഗോള കീർത്തിക്കു കളങ്കം ചാർത്തുകയും ചെയ്യുമെന്നും അവർ ചൂണ്ടിക്കാട്ടി.
ജൂലൈ 24നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോക്കു അയച്ച കത്തിൽ ഇന്ത്യൻ അമേരിക്കൻ റെപ്. പ്രമീള ജയപാൽ, റെപ്. രാജാ കൃഷ്ണമൂർത്തി, റെപ്. ശ്രീ തനെദർ എന്നിവർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ഇന്ത്യൻ വിദ്യാർഥികളുടെ വിസകൾ വൈകുന്നതിൽ വലിയ ആശങ്ക ഉയർത്തി.
യുഎസിൽ ഏറ്റവുമധികം വിദേശ വിദ്യാർഥികൾ എത്തുന്നത് ഇന്ത്യയിൽ നിന്നാണെന്നു റെപ്. ഡെബോറ റോസ് (ഡെമോക്രാറ്റ്-നോർത്ത് കരളിന) ഉൾപ്പെടെ 13 ഡെമോക്രാറ്റുകളും ഒരു റിപ്പബ്ലിക്കനും ചേർന്നയച്ച കത്തിൽ ചൂണ്ടിക്കാട്ടി. വർഷം തോറും $9 ബില്യൺ നൽകുന്ന അവർ യുഎസിനു വിലപ്പെട്ടവരാണ്.
സമ്മറിൽ ട്രംപ് ഭരണകൂടം സ്റ്റുഡന്റ് വിസ അപ്പോയിന്റ്മെന്റ് ഒരു മാസത്തേക്ക് മരവിപ്പിച്ചതോടെ വിസ കിട്ടാനുള്ള കാലതാമസം വർധിച്ചു. കൃത്യമായി അപ്പോയിന്റ്മെന്റ് ഉറപ്പു പറയാനാവില്ലെന്ന് ഇന്ത്യയിലെ യുഎസ് എംബസി വെബ്സൈറ്റിൽ പറയുന്നുണ്ട്.
ഇന്ത്യ ഗവൺമെന്റ് ഇക്കാര്യം ഡൽഹിയിലും വാഷിംഗ്‌ടണിലും യുഎസ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
യുഎസിലേക്കു വരുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഈ വർഷം 80% വരെ കുറവ് വരാമെന്നു കൺസൾട്ടൻസികൾ പറയുന്നു. 2025 മേയ് മാസത്തിലെ കണക്കനുസരിച്ചു ഇന്ത്യക്കാർക്കുള്ള എഫ്-1 സ്റ്റുഡന്റ് വിസകൾ 41% ആണ് കുറഞ്ഞത്. ആഗോളമായി കുറഞ്ഞത് 22%. യുകെയും കാനഡയും യുഎസിനു കടുത്ത മത്സരം ഉയർത്തുന്നുമുണ്ട്.