പ്രസിഡന്റ് ഡോണൾഡ് ട്രംപ് 'ബിഗ്, ബ്യൂട്ടിഫുൾ' എന്നു വിളിക്കുന്ന ബജറ്റ് പരിഗണിക്കാൻ സെനറ്റ് അനുമതി നൽകിയതോടെ തിങ്കളാഴ്ച്ച ചർച്ച ആരംഭിക്കും എന്നാണ് പ്രതീക്ഷ. താൻ ആവശ്യപ്പെട്ട പോലെ ജൂലൈ 4 നകം അംഗീകരിച്ചു തന്റെ മേശപ്പുറത്തു എത്തിക്കാൻ പക്ഷെ സെനറ്റിനു കഴിഞ്ഞെന്നു വരില്ലെന്നു ട്രംപ് ഞായറാഴ്ച്ച സമ്മതിച്ചു.
"എനിക്കുറപ്പില്ല," ട്രംപ് പറഞ്ഞു. "നടക്കും എന്ന് പ്രതീക്ഷിക്കുന്നു. രണ്ടോ അഞ്ചോ ദിവസം വൈകിയാൽ അതൊരു വൻ പരാജയമായെന്നു എല്ലാവരും പറയും."
റിപ്പബ്ലിക്കൻ പാർട്ടിയിൽ ആഴത്തിലുളള ഭിന്നതകൾ നിലനിൽക്കുന്നു എന്നതാണ് വാസ്തവം. സെനറ്റിൽ കടന്നു കൂടിയാലും ബിൽ വീണ്ടും ഹൗസിൽ പോകണം. അതും കഴിഞ്ഞു മാത്രമേ ട്രംപിന്റെ മേശപ്പുറത്തു എത്തുകയുള്ളൂ.
ഗവൺമെന്റിനു ചെലവാക്കാൻ കഴിയുന്ന പണം എത്രമാത്രം ചുരുക്കണം എന്നതാണ് ഒരു തർക്ക വിഷയം. ക്ഷേമ പരിപാടികൾക്കുള്ള പണം ചുരുക്കുമ്പോൾ പല കോൺഗ്രസ് അംഗങ്ങളും ജനരോഷം വിളിച്ചു വരുത്തും. അടുത്ത വർഷം നവംബറിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 22 സെനറ്റ് സീറ്റുകളിലാണ് മത്സരം നേരിടേണ്ടി വരുന്നത്. ഡെമോക്രറ്റുകൾക്കു 13 മാത്രം.
ഹൗസ് അംഗീകരിച്ചതിൽ നിന്ന് ഏറെ ഭിന്നമാണ് സെനറ്റിന്റെ മുന്നിലുള്ള ബിൽ. സെനറ്റിൽ തോം ടില്ലിസ്, റാൻഡ് പോൾ എന്നീ റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെ എതിർത്തു വോട്ട് ചെയ്തു. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വരെ എതിർപ്പുള്ളവരെ കണ്ടു സംസാരിച്ചെങ്കിലും ഫലം ഉണ്ടായില്ല.
ബില്ലിന്റെ 940 പേജ് സെനറ്റിൽ വായിക്കണമെന്ന് മൈനോറിറ്റി ലീഡർ ചക്ക് ഷുമർ ആവശ്യപ്പെട്ടിട്ടുണ്ട്. അത് നടപ്പായാൽ എന്തായാലും ജൂലൈ 4നകം കോൺഗ്രസ് നടപടികൾ തീരില്ല.
ട്രംപ് ആദ്യഭരണത്തിൽ 2017ൽ കൊണ്ടുവന്ന നികുതി ഇളവുകൾ രണ്ടു സഭകളിലും അംഗീകരിച്ചു സ്ഥിരമാക്കും. ഓവർടൈം, ടിപ്പുകൾ എന്നിവയ്ക്കുള്ള നികുതി കുറയ്ക്കും. അതിർത്തി സുരക്ഷ വർധിപ്പിക്കും.
ട്രംപ് വാഗ്ദാനം ചെയ്തിരുന്ന നികുതി ഇളവ് ബില്ലിന്റെ രണ്ടു പതിപ്പുകളിലും ഉണ്ട്. മൊത്തം $3.8 ട്രില്യൺ. സെനറ്റ് പതിപ്പിൽ $12,500 ഓവർടൈം, $25,000 ടിപ്പ് എന്നീ ഇളവുകൾ $150,000 വരെ വരുമാനം ഉള്ളവർക്ക് അനുവദിക്കുന്നു. ഹൗസ് ആ പരിധി നിശ്ചയിച്ചിട്ടില്ല.
സെനറ്റ് ബില്ലിൽ ചൈൽഡ് ടാക്‌സ് ക്രെഡിറ്റ് കുട്ടി ഒന്നിനു $2,000ൽ നിന്ന് $2,200 ആവുമ്പോൾ ഹൗസ് അത് താത്കാലികമായി $2,500 ആക്കിയ ശേഷം തിരിച്ചു $2,000 ആക്കി.
യുഎസ് വായ്പാ പരിധി $5 ട്രില്യൺ ഉയർത്താനാണ് സെനറ്റ് നിർദേശം. ഹൗസ് അത് $4 ട്രില്യനായാണ് നിശ്ചയിച്ചത്.
ഈ വ്യത്യസ്‌തകളൊക്കെ ഒതുക്കി പൊതു ധാരണ ഉണ്ടാക്കിയ ശേഷമേ ബിൽ ട്രംപിന്റെ മുന്നിൽ എത്തുകയുള്ളൂ.
ബിൽ പാസായില്ലെങ്കിൽ ഫെഡറൽ ഗവൺമെന്റ് ഓഗസ്റ്റ്-സെപ്റ്റംബർ ആവുമ്പോൾ വായ്‌പ എടുക്കാൻ കഴിയാത്ത സ്ഥിതിയിലാവും.
ഫുഡ് സ്റ്റാമ്പുകൾക്കുള്ള പണം ഇരു സഭകളും കുറയ്ക്കുന്നുണ്ട്. 40 മില്യൺ കുറഞ്ഞ വരുമാനക്കാരെയാണ് അത് ബാധിക്കുക.
ഫെഡറൽ ആദായ നികുതി നൽകുന്നവർക്ക് എഴുതി തള്ളാൻ കഴിയുന്ന സംസ്ഥാന, പ്രാദേശിക നികുതികൾ (സോൾട്ട്) ബില്ലിലെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. ട്രംപിന്റെ 2017 നികുതി ഇളവ് കഴിഞ്ഞു $10,000 എന്നു നിശ്ചയിച്ചിരുന്നതു നിർദിഷ്ട ബില്ലിൽ പ്രതിവർഷം $500,000 വരുമാനമുള്ള ദമ്പതിമാർക്ക് $40,000 ആയി ഉയർത്തും.