യുഎസിന്റെ പാസിഫിക് നോർത്ത് വെസ്റ്റിലെ എട്ടു സംസ്ഥാനങ്ങളിലുള്ള 14 നഗരങ്ങളിൽ കോൺസലേറ്റ് ജനറൽ ഓഫ് ഇന്ത്യ അന്താരാഷ്ട്ര യോഗ ദിന ആഘോഷം ജൂൺ 21നു ആഘോഷിച്ചു. ആയിരക്കണക്കിനു ആളുകൾ പങ്കെടുത്തു.
വാഷിംഗ്ടൺ സ്റ്റേറ്റിൽ സിയാറ്റിൽ, ഷോർലൈൻ, സ്പോകെൻ, വാൻകൂവർ നഗരങ്ങളിലും ഒറിഗണിൽ കോർവാലിസ്, ഹിൽസ്ബറോ എന്നിവിടങ്ങളിലും ആയിരുന്നു പരിപാടികൾ. നെബ്രാസ്കയിൽ ഒമാഹ, നോർത്ത് ഡക്കോട്ടയിൽ ഫാർഗോ, സൗത്ത് ഡക്കോട്ടയിൽ വെർമിലിയൻ, സിയോക്‌സ് ഫാൾസ്, ഐഡഹോയിൽ ബോയ്‌സ്, മൊണ്ടാനയിൽ ബോസ്‌മാൻ, മിസൗല, വായൊമിങ്ങിൽ ലാറമി എന്നിവിടങ്ങളിലും.
പല രാജ്യങ്ങളിൽ നിന്നുള്ള യോഗ പ്രേമികൾ പങ്കെടുത്ത ആഘോഷങ്ങൾക്ക് പ്രാദേശിക ഭരണാധികാരികളും എത്തി. ഇന്ത്യൻ അമേരിക്കൻ സമൂഹ നേതാക്കൾ നേതൃത്വം നൽകി.
സിയാറ്റിലിൽ ഒളിംപിക് മലനിരകളും പ്യുഗെറ്റ് സൗണ്ടും പശ്ചാത്തലമൊരുക്കുന്ന വാട്ടർഫ്രണ്ട് പാർക്കിൽ ആയിരുന്നു ആഘോഷം. മേയർ ബ്രൂസ് ഹാറൽ യോഗയെ അംഗീകരിക്കുന്ന ഔദ്യോഗിക പ്രഖ്യാപനം നടത്തി.
സിയാറ്റിലിലെ ഇന്ത്യൻ കോൺസലേറ്റിലും യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്‌ടണിലെ ഫോസ്റ്റർ സ്കൂൾ ഓഫ് ബിസിനസിലും യോഗ ദിന ആഘോഷം നടത്തി.