ഡബ്ലിന് പിന്നാലെ ലിക്വിഡുകളുടെ 100 മില്ലി നിയന്ത്രണം എടുത്തുകളയാൻ കോർക്ക്, ഷാനൺ എയർപോർട്ടുകളും

New Update
Cffd

ഡബ്ലിന്‍ എയര്‍പോര്‍ട്ടിന് സമാനമായി യാത്രയ്ക്കിടെ കൊണ്ടുപോകാവുന്ന ലിക്വിഡുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ കോര്‍ക്ക്, ഷാനണ്‍ എയര്‍പോര്‍ട്ടുകളും. പുതിയ സി3 സ്‌കാനറുകള്‍ സ്ഥാപിച്ചതോടെയാണ് കഴിഞ്ഞ ദിവസം മുതല്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗില്‍ കൊണ്ടുപോകാവുന്ന ലിക്വിഡിന്റെ അളവ് 100 മില്ലി എന്നത് 2 ലിറ്റര്‍ ആയി ഉയര്‍ത്തുകയും, ലിക്വിഡുകളും, ജെല്ലുകളും, ഇലക്ട്രോണിക് ഉപകരണങ്ങളും സുതാര്യമായ കവറുകളില്‍ സൂക്ഷിക്കണമെന്ന നിബന്ധന എടുത്തുമാറ്റുകയും ചെയ്തതും. പരിശോധനാ സമയത്ത് ഇവ ബാഗില്‍ നിന്ന് എടുത്ത് പുറത്ത് വയ്‌ക്കേണ്ടതുമില്ല. കൂടുതല്‍ കൃത്യതയോടെ ത്രീഡി സ്‌കാനിങ് നടത്താന്‍ സി3 സ്‌കാനറുകള്‍ക്ക് സാധിക്കുമെന്നതിനാലാണ് ഇത്.

Advertisment

സമാനമായി കോര്‍ക്ക് എയര്‍പോര്‍ട്ടും സി3 സ്‌കാനറുകള്‍ സ്ഥാപിക്കുമെന്നും, നിലവിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനായി 2026 ഡിസംബര്‍ വരെ കാത്തിരിക്കേണ്ടിവരും. 2026 ക്രിസ്മസോടെ ഇതുമായി ബന്ധപ്പെട്ട ജോലികള്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കോര്‍ക്ക് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

ഷാനണ്‍ എയര്‍പോര്‍ട്ടില്‍ ഈ സെക്യൂരിറ്റി സംവിധാനം 2021 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. പരിശോധനാ സമയത്ത് ലിക്വിഡും മറ്റും ബാഗിന് പുറത്തേയ്ക്ക് എടുക്കേണ്ടേതില്ലെങ്കിലും, ലിക്വിഡുകളുടെ അളവ് പരമാവധി 100 മില്ലി എന്ന നിബന്ധന എയര്‍പോര്‍ട്ടില്‍ ഇപ്പോഴും പിന്തുടരുന്നുണ്ട്. എന്നാല്‍ വൈകാതെ തന്നെ ഈ നിബന്ധന ഇളവ് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

Advertisment