/sathyam/media/media_files/2025/08/27/gvg-2025-08-27-03-55-22.jpg)
മെരിലാൻഡ് നിവാസിയായ കിൽമാർ അബ്‌റീഗോ ഗാർഷ്യയെ നാടു കടത്തുന്നതിൽ നിന്ന് അധികൃതരെ 'പൂർണമായി വിലക്കി' കോടതി. മാർച്ചിൽ എൽ സാൽവദോറിലേക്കു തെറ്റായി നാട് കടത്തിയെന്നു ഗവൺമെന്റ് സമ്മതിച്ച ഗാർഷ്യയെ കോടതികളുടെ ആജ്ഞ അനുസരിച്ചു ജൂണിൽ തിരിച്ചു കൊണ്ടുവന്നെങ്കിലും ജയിലിൽ അടച്ചിരിക്കയായിരുന്നു. കോടതി ഉത്തരവ് മാനിച്ചു വെള്ളിയാഴ്ച്ച വിട്ടയച്ചെങ്കിലും തിങ്കളാഴ്ച്ച ഐ സി ഇ വിളിപ്പിച്ചു.
യുഗാണ്ടയിലേക്കു നാടു കടത്തുമെന്നു ഐ സി ഇ ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് ഗാർഷ്യ വീണ്ടും കോടതിയുടെ സഹായം തേടിയത്. മനുഷ്യക്കടത്തു കുറ്റം സമ്മതിച്ചാൽ കോസ്റ്റ റിക്കയിലേക്കു അയക്കാമെന്നു ഏജൻസി പറഞ്ഞിരുന്നു.
കുറ്റസമ്മതം നടത്തിയില്ലെങ്കിൽ യുഗാണ്ടയിലേക്കു അയക്കാനുള്ള നീക്കം യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ് പോള സിനിസ് തടഞ്ഞു. വിശദാംശങ്ങൾ കേട്ട് കോടതി തീരുമാനം എടുക്കുന്നതു വരെക്കാണു വിലക്ക്.
ടെന്നസിയിൽ വച്ച് 2023ൽ ഗാർഷ്യ മൂന്നു പേരെ ഒരു കാറിൽ കൊണ്ടുപോയത് മനുഷ്യക്കടതായിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദം. അന്നു പക്ഷെ കേസെടുത്തില്ല.
ജഡ്‌ജ് സിനിസ് ജസ്റ്റിസ് ഡിപ്പാർട്മെന്റിനോടു പറഞ്ഞു: "ഗാർഷ്യ തത്കാലം എങ്ങും പോകുന്നില്ല. ഇപ്പോൾ അദ്ദേഹത്തെ അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നു തന്നെ നീക്കം ചെയ്യാൻ നിങ്ങൾക്കു അധികാരമില്ല."
എൽ സാൽവദോർ സ്വദേശിയായ ഗാർഷ്യയെ അവിടേക്കു അയക്കരുതെന്ന 2019ലെ കോടതി ഉത്തരവ് ലംഘിച്ചായിരുന്നു മാർച്ചിൽ വെനസ്വേലൻ കുറ്റവാളികൾക്കൊപ്പം 'അബദ്ധത്തിൽ' അവിടേക്കു കയറ്റി അയച്ചത്. പിഴവ് പറ്റിയെന്നു സമ്മതിച്ച ഗവൺമെന്റ് പക്ഷെ ഭാര്യയും മൂന്നു മക്കളുമുള്ള അയാളെ തിരിച്ചു കൊണ്ടുവരാൻ തയാറായില്ല. ഒടുവിൽ സുപ്രീം കോടതി വരെ ഇടപെട്ടപ്പോഴാണ് തിരിച്ചു കൊണ്ടുവന്നത്.
കുറ്റസമ്മതം നടത്തിയില്ലെങ്കിൽ യുഗാണ്ടയിലേക്കു അയക്കുമെന്ന ഭീഷണി ഭരണഘടന നൽകുന്ന അവകാശത്തിന്റെ ലംഘനമാണെന്നു ജഡ്‌ജ് സിനിസ് ചൂണ്ടിക്കാട്ടി. യുഗാണ്ട ഗാർഷ്യയെ സാൽവദോറിലേക്കു അയക്കില്ലെന്നു എന്താണുറപ്പ്? കോസ്റ്റ റിക്ക ആവട്ടെ അദ്ദേഹത്തെ നിയമാനുസൃതം പൗരനായി സ്വീകരിക്കാൻ തയാറാണ്.
ഗാർഷ്യക്കു പറയാനുള്ള കാര്യങ്ങൾ കോടതി കേൾക്കേണ്ടതുണ്ടെന്നു സിനിസ് പറഞ്ഞു. അതിനിടെ തിരക്കിട്ടു യുഗാണ്ടയിലേക്കു അയക്കാനുള്ള നീക്കം സ്വീകാര്യമല്ല.
വിർജിനിയയിൽ ഐ സി ഇ തടവിലുളള ഗാർഷ്യയെ അവിടന്നു മാറ്റാൻ പാടില്ലെന്നും ജഡ്‌ജ് പറഞ്ഞു.