കൊളോറാഡോയിൽ കഴിഞ്ഞ മാസം ഇസ്രയേലികളെ ആക്രമിച്ച ഈജിപ്ഷ്യൻ വംശജൻ മുഹമ്മദ് സാബ്രി സൊലായ്മാന്റെ കുടുംബത്തെ നാടുകടത്താൻ യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ് ഒർലാൻഡോ ഗാർഷ്യ അനുമതി നൽകി.
വീട്ടിലുണ്ടാക്കിയ തീ ബോംബുകൾ കൊണ്ട് സൊലയ്മാൻ നടത്തിയ ആക്രമണത്തിൽ എട്ടു ഇസ്രേലികൾക്കു പരുക്കേറ്റിരുന്നു. പ്രതിയുടെ കുടുംബത്തിന്റെ അപേക്ഷ കോടതി തള്ളി. ട്രംപ് ഭരണകൂടം അവരെ പുറത്താക്കാൻ നടത്തിയ നടപടിക്രമങ്ങൾ തൃപ്തികരമാണെന്നു ജഡ്‌ജ് പറഞ്ഞു.
സൊലയ്മാൻ അനധികൃതമായാണ് യുഎസിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും അഞ്ചു മക്കളും കൂടി നൽകിയ അപേക്ഷയിൽ അവരെ നാട് കടത്തുന്നത് തടയാൻ തനിക്കു അധികാരമില്ലെന്ന് ജഡ്‌ജ് പറഞ്ഞു.
അവരെ നാട് കടത്തുന്നത് കഴിഞ്ഞ മാസം ഡിസ്ട്രിക്ട് കോർട്ട് ജഡ്‌ജ് ഗോർഡൻ ഗാലഹർ തടഞ്ഞിരുന്നു. സൊലയ്മാൻ (45) 2022ലാണ് യുഎസിൽ എത്തിയത്. അദ്ദേഹത്തിന്റെ ടൂറിസ്റ്റു വിസയും ജോലി ചെയ്യാനുള്ള അനുമതിയും കാലഹരണപ്പെട്ടു.
അയാൾക്കെതിരെ 12 വിദ്വേഷ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. രണ്ടു ഫസ്റ്റ് ഡിഗ്രി കൊലപാതകങ്ങളും.
ബോൾഡറിൽ ജൂൺ 1നു 'പലസ്തീനെ മോചിപ്പിക്കുക' എന്ന് ആക്രോശിച്ചു കൊണ്ടാണ് സൊലയ്മാൻ ആക്രമണം നടത്തിയത്.
പൊള്ളലേറ്റു ആശുപത്രിയിൽ എത്തിയവർ 52 മുതൽ 88 വരെ പ്രായമുള്ളവർ ആയിരുന്നു. മറ്റു 21 പേർക്കും പരുക്കേറ്റു. സൊലയ്മാനെ അപ്പോൾ തന്നെ അറസ്റ്റ് ചെയ്തു. കുടുംബാംഗങ്ങളെ ഐ സി ഇ പിന്നീട് കസ്റ്റഡിയിൽ എടുത്തു.