യു എസിന്റെ അഭയാർഥി അപേക്ഷ സ്വീകരിക്കാത്തത് നിയമ വിരുദ്ധമെന്ന് കോടതി; ഉത്തരവ് സ്റ്റേ ചെയ്തു

New Update
gcfcf

യുഎസിന്റെ തെക്കൻ അതിർത്തി കടന്നു അഭയം തേടി വരുന്നവരെ നിരുപാധികം തള്ളിക്കളയാൻ ട്രംപ് ഭരണകൂടത്തിന് അധികാരമില്ലെന്നു കോടതി. പ്രസിഡന്റ് യുഎസ് കോൺഗ്രസ് അംഗീകരിച്ച നിയമങ്ങൾക്കപ്പുറം കടന്നു പോകാൻ പാടില്ലെന്നു 128 പേജുള്ള തീർപ്പിൽ ഡിസ്‌ട്രിക്‌ട് ഓഫ് കൊളംബിയ ഫെഡറൽ കോടതിയിലെ ജഡ്‌ജ്‌ റാൻഡോൾഫ് ഡി. മോസ് പറഞ്ഞു.

Advertisment

അധികാരമേറി ആദ്യ ദിവസം തന്നെ ട്രംപ് കൊണ്ടുവന്ന ചട്ടമാണ് കോടതി തള്ളിയത്. കോൺഗ്രസ് സ്ഥാപിച്ച ചട്ടങ്ങൾക്കു പകരം മറ്റൊരു ബദൽ സംവിധാനം ഉണ്ടാക്കാൻ പ്രസിഡന്റിനോ അദ്ദേഹം ചുമതലപ്പെടുത്തിയവർക്കോ സാധ്യമല്ലെന്നു കോടതി പറഞ്ഞു.

അപ്പീലിൽ തീരുമാനം ഉണ്ടാവുന്നതു വരെ ട്രംപിന്റെ പുതിയ നിയമങ്ങൾ ജഡ്‌ജ്‌ മോസ് സ്റ്റേ ചെയ്തു. എന്നാൽ ഭരണകൂടം അപ്പീൽ നൽകി കഴിഞ്ഞു. കുടിയേറ്റം പരമാവധി തടയാൻ ഭരണകൂടം ഉറച്ചിരിക്കെ കേസ് സുപ്രീം കോടതി വരെ പോകും എന്നാണ് നിഗമനം.

അഭയാർഥികൾക്കു പരിഗണന നൽകുന്ന നിയമം തള്ളുന്ന ട്രംപിന്റെ നയത്തിൽ കൊണ്ടുവരുന്ന വാദം അഭയാർഥികൾ രാജ്യത്തു ആക്രമണം നടത്തുന്നവരാണ് എന്നാണ്. കോൺഗ്രസ് നടപ്പാക്കിയ ഇമിഗ്രെഷൻ ആൻഡ് നാഷണാലിറ്റി ആക്ട് അദ്ദേഹം തള്ളിക്കളയുന്നു.

പീഡനങ്ങളിൽ നിന്ന് രക്ഷപെട്ടു അഭയം തേടി എത്തുന്നവരെ പരിഗണിക്കണം എന്ന രാജ്യത്തിൻറെ അടിസ്ഥാനനയം ട്രംപ് മരവിപ്പിച്ചിരിക്കയാണ്. മറ്റു ചില വിഭാഗങ്ങൾക്ക് യുഎസിൽ താത്കാലിക പരിരക്ഷ നൽകുന്നതും ട്രംപ് റദ്ദാക്കി.

കോടതിയെ സമീപിച്ച ഇമിഗ്രന്റ് റൈറ്സ് ഗ്രൂപ്പുകൾ വാദിച്ചത് ട്രംപ് കോൺഗ്രസിന്റെ അധികാരം തട്ടിയെടുത്തു എന്നാണ്. അഭയത്തിനുള്ള അപേക്ഷ പരിഗണിക്കാതെ തള്ളിയ ഒരു ഡസനോളം പേരാണ് പരാതി നൽകിയത്.

അഭയം തേടിയവരിൽ ഏറെപ്പേർ അഫ്ഘാനിസ്ഥാൻ, ക്യൂബ, ഈജിപ്ത്, പെറു, തുർക്കി തുടങ്ങി സ്വന്തം രാജ്യങ്ങളിൽ പീഡനം നേരിട്ടവരാണ്.

Advertisment