/sathyam/media/media_files/2025/04/19/iAfg9Vl9PfnbxBPA1kNM.jpg)
പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറക്കുമതി തീരുവ ചുമത്താൻ അടിയന്തര നിയമം ഉപയോഗിച്ചത് അദ്ദേഹത്തിന്റെ അധികാര പരിധി മറികടന്നാണെന്നു ഫെഡറൽ അപ്പീൽ കോടതി വിധിച്ചു. കീഴ്കോടതി വിധി ശരിവച്ച അപ്പീൽ കോടതി പക്ഷെ ട്രംപ് ഭരണകൂടത്തിനു സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ ഒക്ടോബർ 14 വരെ സമയം നൽകി.
ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്റ്റ് (ഐ ഇ ഇ പി എ) ഉപയോഗിക്കാൻ കോൺഗ്രസിന്റെ അംഗീകാരം വേണമെന്നു 7-4 തീർപ്പിൽ കോടതി വ്യക്തമാക്കി. അതെടുത്തു പ്രയോഗിക്കുമ്പോൾ ന്യായീകരിക്കാവുന്ന സാഹചര്യം പ്രസിഡന്റിന് ഉണ്ടായിരുന്നില്ല.
താരിഫ് ചുമത്തുന്നത് 'നിർണായക കോൺഗ്രസ് തീരുമാനമാ'ണെന്നു കോടതി പറഞ്ഞു.
അപ്പീൽ പോകുമെന്നു അറ്റോണി ജനറൽ പാം ബോണ്ടി പറഞ്ഞു.
"താരിഫുകൾ എല്ലാം ഇപ്പോഴും നിലവിലുണ്ട്!" ട്രംപ് വെള്ളിയാഴ്ച്ച ട്രൂത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. "ഇവ റദ്ദാക്കപ്പെട്ടാൽ രാജ്യത്തിനു വലിയ ദുരന്തമാവും."
താരിഫുകൾ മരവിപ്പിച്ചാൽ രാജ്യത്തിന് ഗുരുതരമായ നയതന്ത്ര നാണക്കേട് ഉണ്ടാവുമെന്നു ട്രഷറി സെക്രട്ടറി സ്കോട്ട് ബെന്നെറ്റ് വെള്ളിയാഴ്ച്ച കോടതിയോടു പറഞ്ഞു. പല രാജ്യങ്ങളുമായി വ്യാപാര ചർച്ച നടക്കുന്നു. അവർക്കു യുഎസ് താരിഫുകളുടെ അടിസ്ഥാന നിയമ പിൻബലം അറിയേണ്ടതുണ്ട്.
എന്നാൽ ട്രംപിന്റെ അധികാരങ്ങൾക്കു പരിമിതി ഉണ്ടെന്ന കോടതി നിരീക്ഷണം ശ്രദ്ധിക്കേണ്ടതുണ്ടെന്നു കേസ് കൊടുത്തവരുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. "ഇത് അമേരിക്കൻ ഭരണഘടനയുടെ വിജയമാണ്. നികുതി ചുമത്തുന്നതു പോലുള്ള വലിയ വിഷയങ്ങൾ കോൺഗ്രസാണ് ചെയ്യേണ്ടതെന്നും പ്രസിഡന്റിനു വെറുതെ ഒപ്പുവച്ചു നടപ്പാക്കാൻ കഴിയുന്നതല്ലെന്നും അമേരിക്കയുടെ സ്ഥാപക പിതാക്കന്മാർ തീരുമാനിച്ചതാണ്.
"കോടതി 7-4 മഹാഭൂരിപക്ഷത്തിൽ തീരുമാനിച്ചത് തനിക്കു എന്തും ചെയ്യാൻ അധികാരമുണ്ടെന്ന ട്രംപിന്റെ വാദം ശരിയല്ല എന്നാണ്."
എന്നാൽ ട്രംപ് തനിക്കനുവദിച്ച അധികാരം തന്നെയാണ് ഉപയോഗിച്ചതെന്നു വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായ് പറഞ്ഞു. "പ്രസിഡന്റിന്റെ താരിഫുകൾ നിലവിലുണ്ട്, ഇക്കാര്യത്തിൽ അന്തിമ വിജയം അദ്ദേഹത്തിന്റേതാവും."