അരിസോണയിൽ അതിർത്തി പ്രശ്നം നേരിട്ടു കാണാൻ പോയ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ധരിച്ചിരുന്ന നെക്‌ലേസ് പുതിയൊരു വിവാദമായി. വെള്ളിയാഴ്ച അതിർത്തിയിൽ ഡഗ്ലസ് പട്ടണത്തിൽ എത്തിയ ഹാരിസ് ധരിച്ചിരുന്നത് ടിഫാനിസിൽ നിന്നുള്ള $62,000 നെക്‌ലേസ്.ഹാരിസിനെയും ഡെമോക്രറ്റുകളെയും പലരും എക്‌സിൽ വിമർശിച്ചു.
നെക്‌ലേസ് വീട്ടിൽ വച്ചിട്ടു പോകാമായിരുന്നുവെന്നു എന്നാണ് ഒരാൾ കുറിച്ചത്. അപഹാസ്യമായ ആഭരണം അതിർത്തിയിലെ ഗൗരവമായ പ്രശ്നത്തിൽ നിന്നു ശ്രദ്ധ തിരിച്ചെന്നു മറ്റൊരാൾ ചൂണ്ടിക്കാട്ടി.ചങ്ങല പോലെ കിടക്കുന്ന നെക്‌ലേസ് സ്വർണമാണ്.ഡഗ്ലസിലെ 17,000 വരുന്ന ജനസമൂഹത്തോട് 'നമ്മുടെ തകർന്ന കുടിയേറ്റ സംവിധാനം' ശരിയാക്കുമെന്നു ഹാരിസ് വാഗ്ദാനം ചെയ്തു.
ഡൊണാൾഡ് ട്രംപ് അവർക്കെതിരെ ഏറ്റവും ശക്തമായി ഉപയോഗിക്കുന്ന ഒരായുധമാണ് അതിർത്തി. അധികാരമേറ്റയുടൻ ബൈഡൻ ഈ പ്രശ്നം ഹാരിസിനെ ഏൽപിച്ചു. അന്ന് ഹാരിസ് ടെക്സസിലെ എൽ പാസോയിൽ സന്ദർശനം നടത്തി.
എന്നാൽ 2021നു ശേഷം അവർ അതിർത്തിയിൽ എത്തുന്നത് ഇപ്പോഴാണ്.കുടിയേറ്റ പ്രശ്നം ആയുധമാക്കി ഭീതിയും വിഭജനവും സൃഷ്ടിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നു ഹാരിസ് ആരോപിച്ചു. ട്രംപ് ആവട്ടെ, ഹാരിസിനു അശേഷം കഴിവില്ലെന്നു വിമർശിച്ചു.