Advertisment

ഇസ്രയേലിനു വീണ്ടും ആയുധം നൽകുന്നതു ബൈഡന്റെ കാപട്യമെന്നു വിമർശനം

New Update
987tghj
വാഷിംഗ്ടൺ: ഗാസയിൽ സിവിലിയൻ മരണങ്ങൾ കുതിച്ചു കയറിക്കൊണ്ടിരിക്കെ ഇസ്രയേലിനു വീണ്ടും വൻ തോതിൽ ആയുധങ്ങൾ അയക്കാൻ തീരുമാനിച്ച പ്രസിഡന്റ് ജോ ബൈഡന്റെ 'കാപട്യം' വിമർശനം വിളിച്ചു വരുത്തുന്നു. യുഎസ് ജനപ്രതിനിധികൾ തന്നെ ഈ നീക്കത്തിനെതിരെ രംഗത്തിറങ്ങി.  
Advertisment

ഇസ്രയേലിനു 2,000 പൗണ്ട് വീതം തൂക്കമുള്ള 1,800 MK84 ബോംബുകൾ, 500 പൗണ്ട് വീതമുള്ള MK82 ബോംബുകൾ എന്നിവയാണ് ഉടൻ അയക്കുന്നതെന്നു 'വാഷിംഗ്‌ടൺ പോസ്റ്റ്' പത്രം റിപ്പോർട്ട് ചെയ്തു. പെന്റഗൺ, വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥർ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകം അപലപിക്കുന്ന ഇസ്രയേലിന്റെ യുദ്ധതന്ത്രത്തിനു യുഎസ് തുടർന്നും നൽകുന്നു എന്നാണ് ഈ സഹായം വ്യക്തമാക്കുന്നത്. ഗാസയിൽ ഈ ബോംബുകൾ കൂടുതൽ സിവിലിയന്മാരുടെ ജീവനെടുക്കുമെന്നും  വിമർശകർ ചൂണ്ടിക്കാട്ടി.

"അശ്ലീലമാണിത്," സെനറ്റർ ബെർണി സാന്ഡേഴ്സ് പറഞ്ഞു. "നെതന്യാഹുവിനോട് സിവിലിയന്മാരെ ബോംബിട്ടു കൊല്ലരുതെന്ന് ഒരു ദിവസം യാചിക്കുക. പിറ്റേന്ന് അവർക്കു നഗരങ്ങൾ നിരപ്പാക്കാൻ കഴിയുന്ന 2,000 പൗണ്ട് ബോംബുകൾ ആയിരക്കണക്കിന് അയക്കുക. ഇത് അശ്ലീലമാണ്. നമ്മുടെ ഈ അലംഭാവം അവസാനിപ്പിക്കണം. ഇസ്രയേലിനു ഇനി ബോംബുകൾ അയക്കാൻ പാടില്ല."  

ഒറിഗണിൽ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റർ ജെഫ് മെർക്കലി അതിനെ പിന്താങ്ങി. "ഗാസയിൽ മാനുഷിക സഹായം എത്തിക്കണമെന്ന് ബൈഡൻ ഭരണകൂടം ആവശ്യപ്പെടുന്നതിനു വിശ്വസനീയതയില്ല. കാരണം ഇസ്രയേലിനു യാതൊരു വിവേചനവും കൂടാതെ പലസ്തീനിയൻ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യാനുള്ള ആയുധങ്ങൾ അയച്ചു കൊണ്ടിരിക്കയുമാണ്."  

യുഎസ് കോൺഗ്രസിനെ പോലും അറിയിക്കാതെയാണ് ബൈഡന്റെ ഈ നീക്കം. വൈറ്റ് ഹൗസ് പതിവ് പല്ലവി ആവർത്തിക്കുക മാത്രമേ ചെയ്യുന്നുള്ളൂ: "ഇസ്രയേലിന്റെ സ്വയം പ്രതിരോധ അവകാശത്തെ യുഎസ് എന്നും പിന്താങ്ങിയിട്ടുണ്ട്." 

മെരിലാൻഡ് സെനറ്റർ ക്രിസ് വാൻ ഹോളൻ ബൈഡനോട് യുഎസ് സ്വാധീനം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു. ഇസ്രയേലിൽ നിന്നു ഉറപ്പുകൾ വാങ്ങേണ്ടതുണ്ട്. 

ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒരു 'ഭ്രാന്തൻ' ആണെന്നു ന്യൂ യോർക്കിൽ നിന്നുള്ള ഡെമോക്രാറ്റിക് റെപ്. ജമാൽ ബൗമാൻ പറഞ്ഞു. "അയാളെ പുറത്താക്കേണ്ട കാലം കഴിഞ്ഞു. സെനറ്റർ ഷൂമർ പറഞ്ഞ അഭിപ്രായത്തോട് എനിക്കു യോജിപ്പാണ്.

"നെതന്യാഹു സമാധാനത്തിനു വിലങ്ങുതടിയാണ്. അയാളുടെ അക്രമാസക്തിയാണ് ഗാസയിലെ കൂട്ടക്കുരുതികൾക്കു കാരണം. യുദ്ധവിരാമം അടിയന്തരമായി നടപ്പാക്കണം. ആയുധങ്ങളല്ല, മാനുഷിക സഹായമാണ് ഗാസയിൽ ആവശ്യം." 

ആയുധകൈമാറ്റം യുഎസ് കോൺഗ്രസിനെ അറിയിക്കേണ്ടതായിരുന്നുവെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാസയിലെ സിവിലിയൻ മരണങ്ങൾ കൈവിട്ടു പോയെന്നു ബൗമൻ പറഞ്ഞു. 

ഇസ്രയേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് കഴിഞ്ഞയാഴ്ച യുഎസിൽ എത്തിയത് അടിയന്തരമായി ആയുധങ്ങൾ ചോദിക്കാനാണെന്നു വ്യക്തമായിട്ടുണ്ട്. യുഎസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ജനറൽ ചാൾസ് ക്യൂ ബ്രൗൺ ജൂനിയർ ഇസ്രയേലിനു കൂടുതൽ ആയുധങ്ങൾ നൽകണമെന്നു പരസ്യമായി പറഞ്ഞു.  

joe biddenn
Advertisment