ഡബ്ലിനിൽ ഡ്രോൺ ഡെലിവറി സർവ്വീസുമായി ഡെലിവറോ. ബ്ലാഞ്ചരട്സ്ടൗണിന് 3 കി. മീ ചുറ്റളവിൽ ഉള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇനി മുതൽ റസ്റ്ററന്റുകളിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്താൽ ഡ്രോൺ വഴി ഡെലിവറി ഉണ്ടാകും. അടുത്ത ആറു മാസത്തിനുള്ളിൽ പലചരക്ക് അടക്കം ഡ്രോൺ ഡെലിവറിയിൽ ഉൾപ്പെടുത്തും.
മന്ന ആണ് ഡെലിവറോവിനു വേണ്ടി ഡ്രോണുകൾ കൈകാര്യം ചെയ്യുന്നത്. മന്നയുടെ ലോക്കൽ ഡെലിവറി ഹബ്ബിൽ നിന്നും പുറപ്പെടുന്ന ഡ്രോണുകൾ മണിക്കൂറിൽ 80 കി. മീ വരെ വേഗത്തിൽ സഞ്ചരിക്കും. ഏറ്റവും കുറഞ്ഞത് 3 മിനിറ്റുകൾക്കുള്ളിൽ പോലും ഇനി ഡെലിവറി സാധ്യമാകും.
ആദ്യ ഘട്ടത്തിൽ മുസാഷി, വൗ ബർഗർ, ബൂജും, എലിഫന്റ് & കേസ്‌ലെ മുതലായ റസ്റ്ററന്റുകൾ ഡ്രോൺ ഡെലിവറിയുടെ ഭാഗമാകും.
നിലത്ത് സുരക്ഷിതമായി കോൺടാക്ട് ഫ്രീ ഡെലിവറി ആണ് നടത്തുക. ഇതിനു പ്രത്യേക ചങ്ങല (tether) ഉണ്ടാകും. പ്രദേശത്തു താമസിക്കുന്ന ആളുകൾ ആപ്പ് വഴി ലൊക്കേഷൻ വാലിഡേറ്റ് ചെയ്യണം. പിൻ കോഡ് പ്രകാരം ഡ്രോപ്പ് ഓഫിനു സുരക്ഷിതം ആണെങ്കിൽ ഡ്രോൺ ഡെലിവറിക്ക് യോഗ്യരാകും.
ലോകത്ത് ആദ്യമായി അയർലൻഡിലാണ് ഡെലിവറോ ഡ്രോൺ സർവീസ് ആരംഭിച്ചിരിക്കുന്നത്.