ന്യൂ യോർക്ക് മേയർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഇന്ത്യൻ വംശജനായ മുസ്ലിം ഡെമോക്രാറ്റ് സോഹ്രാൻ മംദാനിക്കു പിന്തുണ നൽകാൻ നഗരത്തിലെ യഹൂദ ഡെമോക്രറ്റുകളിൽ ഒരു വിഭാഗം നീക്കം നടത്തുന്നു. ഇസ്രയേലിനെ എതിർക്കുന്ന മംദാനിയെ സഹായിക്കാനുള്ള നീക്കത്തിനു മുന്നിൽ തന്നെ സിറ്റി കംപ്ട്രോളർ ബ്രാഡ് ലാൻഡർ, റെപ്. ജെറോൾഡ് നഡ്‌ലർ എന്നീ യഹൂദ നേതാക്കളുണ്ട്.
ഡെമോക്രാറ്റിക് പ്രൈമറിയിൽ മത്സരിച്ച ലാൻഡർ ഫലം പുറത്തു വന്നയുടൻ മംദാനിയെ പിന്തുണച്ചിരുന്നു. മൂന്നാം സ്ഥാനത്തു എത്തിയ അദ്ദേഹം ഇപ്പോൾ മംദാനിക്കു വേണ്ടി സജീവമായി രംഗത്തുണ്ട്. ഡെമോക്രാറ്റിക് പാർട്ടിയിലെ യഹൂദ നേതാക്കളെ മംദാനിയുമായി കൂടിക്കാഴ്ചയ്ക്കു അദ്ദേഹം വിളിച്ചിട്ടുണ്ട്.
മംദാനിയെ പിന്തുണയ്ക്കുന്നത് പക്ഷെ യഹൂദർക്ക് ബുദ്ധിമുട്ടുള്ള കാര്യമാണ്. പലസ്തീൻ വിമോചന സമരമായ ഇന്തിഫാദ ആഗോളമാക്കണം എന്ന അദ്ദേഹത്തിന്റെ ആഹ്വാനം തന്നെ അവർക്കു സ്വീകാര്യമല്ല. ഇസ്രയേലിനെ ബഹിഷ്കരിക്കണം എന്ന നിലപാടും.
സെനറ്റിലെ ഏറ്റവും മുതിർന്ന യഹൂദനായ മൈനോറിറ്റി ലീഡർ ചക് ഷുമാർ മംദാനിയെ അഭിനന്ദിച്ചെങ്കിലും എൻഡോഴ്സ് ചെയ്തിട്ടില്ല. സ്റേറ് ഡെമോക്രാറ്റിക് പാർട്ടി ചെയർമാൻ ജയ് ജേക്കബ്‌സ് ആവട്ടെ മംദാനിയുടെ വിജയത്തെ തന്നെ പരാമർശിച്ചിട്ടില്ല. ഗവർണർ കാത്തി ഹോക്കലുമായി അടുപ്പമുള്ളയാളാണ് അദ്ദേഹം.
നഗരത്തിനു പുറത്തു ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റി മുൻ ചെയർവുമൺ ഡെബ്ബി ഷൂൾസിനെ പോലുള്ളവർ മംദാനിയുടെ നിലപാടുകളിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.