/sathyam/media/media_files/2025/11/11/g-2025-11-11-05-32-58.jpg)
യുഎസ് സർക്കാർ സ്‌തംഭനം അവസാനിപ്പിക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയോടു ചേർന്നു സെനറ്റിൽ 8 ഡമോക്രാറ്റുകൾ വോട്ട് ചെയ്തെങ്കിലും പാർട്ടി ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല എന്ന രോഷം ആളിക്കത്തുകയാണ്. സെനറ്ററിലെ ഡെമോക്രാറ്റിക് നേതാവ് ചക് ഷൂമർ ഫണ്ടിംഗ് ബില്ലിനെ എതിർത്തിരുന്നു.അതിനദ്ദേഹം ചൂണ്ടിക്കാട്ടിയ കാരണം ആരോഗ്യ സുരക്ഷാ പദ്ധതിയായ ഒബാമകെയർ തുടരാൻ വേണ്ട പണം നൽകണം എന്ന ആവശ്യം റിപ്പബ്ലിക്കൻ പാർട്ടി അംഗീകരിച്ചിട്ടില്ല എന്നതാണ്.
യുഎസ് ഹൗസിലേക്കു ബിൽ പോകുമ്പോൾ അവിടെ ഡെമോക്രാറ്റിക് നേതാവ് ഹകീം ജെഫ്രിസും ഇതേ കാരണം കൊണ്ട് എതിർപ്പു ഉയർത്തുകയാണ്. റെപ്. റോ ഖന്ന ഒരു പടികൂടി മുന്നോട്ടു കടന്നു പറഞ്ഞത് സെനറ്റിൽ ഡെമോക്രാറ്റുകൾ പിന്തുണ നൽകിയതിന്റെ പേരിൽ ഷൂമറിനെ മാറ്റണം എന്നാണ്.
ആരോഗ്യ രക്ഷാ പദ്ധതികളിൽ പ്രീമിയം കുതിച്ചുയരും എന്നതിനാൽ ഡെമോക്രാറ്റുകളും ജനരോഷം നേരിടേണ്ടി വരും. ആ ചെലവ് കുറയ്ക്കാമെങ്കിൽ കുറച്ചു രോഷം തണുപ്പിക്കാൻ കഴിയും എന്ന പ്രതീക്ഷയിൽ ഡെമോക്രാറ്റുകൾ സമ്മർദം തുടരുന്നുണ്ട്. ഡിസംബറിൽ അതിനുള്ള ബിൽ കൊണ്ടുവരാം എന്ന വാഗ്ദാനം മജോറിറ്റി ലീഡർ ജോൺ തൂൺ നൽകിയിട്ടുണ്ട്.
പക്ഷെ ട്രംപിന്റെ ആഗ്രഹം ഒബാമകെയർ ഇല്ലാതാക്കണം എന്നതാണ്. അതു നിലനിർത്തുന്ന ബിൽ വീറ്റോ ചെയ്യാൻ അദ്ദേഹം മടിക്കില്ല.
ഒബാമകെയറിനു വേണ്ടി കോടതിയിൽ പോകാനും മടിക്കില്ലെന്നു ഷൂമർ സെനറ്റിൽ പറഞ്ഞു. "2026 തിരഞ്ഞെടുപ്പിൽ അതൊരു വലിയ വിഷയമാകും."
സെനറ്റിൽ ഉണ്ടായ ധാരണയെ അടുത്ത വർഷം വോട്ട് നേരിടുന്ന ഡെമോക്രാറ്റുകൾ എതിർത്തത് അതുകൊണ്ടാണ്. ധാരണയെ അനുകൂലിച്ചു വോട്ട് ചെയ്ത ജോൺ ഫെറ്റെർമാൻ (പെൻസിൽവേനിയ), കാതറിൻ കോർട്ടസ് മാസ്റ്റോ (നെവാഡ), മാഗി ഹാസൻ (ന്യൂ ഹാംപ്ഷെയർ) എന്നിവർ 2028ൽ മാത്രമേ തിരഞ്ഞെടുപ്പ് നേരിടുന്നുള്ളു. ടിം കെയ്ൻ (വിർജീനിയ), ജാക്കി റോസൻ (നെവാഡ) എന്നിവർക്കാവട്ടെ 2030 വരെ സമയമുണ്ട്. സ്വതന്ത്രൻ ആംഗസ് കിങിനും.
പ്രസിഡന്റ് ട്രംപ് ഡെമോക്രാറ്റുകളോട് സംസാരിക്കാൻ പോലും തയാറായില്ല. എന്നാൽ 42 മില്യൺ പേർക്കു ഭക്ഷണ സഹായം ലഭിക്കാൻ ഈ ഒത്തുതീർപ്പു നടപ്പാക്കി സർക്കാർ തുറക്കണം എന്ന യാഥാർഥ്യം ധാരണയെ അനുകൂലിച്ചവർ ഉൾക്കൊണ്ടു. പിരിച്ചു വിട്ട ഫെഡറൽ ജീവനക്കാരെ തിരിച്ചെടുക്കാനും വ്യവസ്ഥയായി എന്നവർ ചൂണ്ടിക്കാട്ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us