/sathyam/media/media_files/2025/08/19/fccc-2025-08-19-03-57-41.jpg)
പ്രസിഡന്റ് ഡോണൾഡ് ട്രംപ് അലാസ്‌കയിൽ റഷ്യൻ പ്രസിഡന്റുമായി നടത്തിയ ഉച്ചകോടി മഹാദുരന്തമായെന്നു യുഎസ് സെനറ്റർ ക്രിസ് മർഫി (ഡെമോക്രാറ്റ്-കണക്ടിക്കറ്റ്) അഭിപ്രായപ്പെട്ടു. "പ്രസിഡന്റ് പുട്ടിൻ ആവശ്യപ്പെട്ടതെല്ലാം നേടി. യുഎസിന് അത് മഹാ നാണക്കേടായി. ഒരു പരാജയം," അദ്ദേഹം എൻ ബി സി ന്യൂസിൽ പറഞ്ഞു.
"പുട്ടിൻ ആഗ്രഹിച്ച ഫോട്ടോ ഓപ് സാധ്യമായി. ലോകത്തിനു മുന്നിൽ യുദ്ധ കുറ്റങ്ങളിൽ നിന്ന് അദ്ദേഹം മോചിതനായി. അദ്ദേഹത്തെ ട്രംപ് യുഎസിലേക്ക് ക്ഷണിക്കയും ചെയ്തു."
യുദ്ധ കുറ്റവാളികളെ യുഎസിലേക്ക് ക്ഷണിക്കാറില്ലെന്നു മർഫി ചൂണ്ടിക്കാട്ടി. "പുട്ടിൻ കരുതിക്കൂട്ടി സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുന്നു, കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു. ഇപ്പോൾ അദ്ദേഹം യുഎസ് പ്രസിഡന്റിനോടൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നു. ലോകത്തിനു മുന്നിൽ കുറ്റം ന്യായീകരിക്കപ്പെടുന്നു.
യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സിലിൻസ്കിയെ ഒഴിവാക്കി നടത്തിയ ഉച്ചകോടിയിൽ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ വഴി തെളിഞ്ഞെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. റഷ്യ വച്ച വ്യവസ്ഥകൾ സ്വീകരിച്ചു സിലിൻസ്കിക്ക് യുദ്ധം അവസാനിപ്പിക്കാം എന്ന്.
പുട്ടിനു ഉച്ചകോടിയിൽ ഒന്നും ത്യജിക്കേണ്ടി വന്നില്ലെന്നു മർഫി ചൂണ്ടിക്കാട്ടി. "ഒന്നും ത്യജിച്ചില്ല. അല്ലേ? പ്രസിഡന്റ് ട്രംപ് ഉടൻ വെടിനിർത്തൽ വേണമെന്നു പറഞ്ഞിരുന്നു. അങ്ങിനെ ഒരാവശ്യം ചർച്ച ചെയ്തിട്ടേയില്ലെന്നാണ് കാണുന്നത്. വെടി നിർത്തിയില്ലെങ്കിൽ പുട്ടിൻ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
"പിന്നീട് അദ്ദേഹം പറഞ്ഞു വെടിനിർത്തൽ ഉണ്ടാവില്ലെന്ന്, സമാധാന കരാർ ആയില്ലെന്ന്, എന്നിട്ടും ഉപരോധങ്ങൾ ഉണ്ടാവില്ലെന്ന്.
"സെക്രട്ടറി റുബിയോ ഉപരോധത്തിന്റെ കാര്യം അവഗണിച്ചത് നമ്മൾ കേട്ടു. റഷ്യയ്ക്ക് എത്ര മഹത്തായ ദിവസം."