ന്യൂയോർക്ക് : പ്രസിഡന്റ് ജോ ബൈഡനും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വീണ്ടും ആ അധികാരം ഏറ്റടുക്കാൻ കഴിയുന്ന പ്രായം പിന്നിട്ടെന്നു ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്. ബൈഡൻ 81 വയസിൽ എത്തിയത് തിങ്കളാഴ്ചയാണ്. ട്രംപ് ആവട്ടെ 77ലും എത്തി.
റിപ്പബ്ലിക്കൻ പ്രൈമറികളിൽ ട്രംപിനെ വെല്ലുവിളിക്കുന്ന ഡിസാന്റിസ് (45) പറഞ്ഞു: "80 വയസിൽ കൈകാര്യം ചെയ്യാവുന്ന ചുമതയല്ല പ്രസിഡൻസി. എനിക്കു തോന്നുന്നു അതു ജോ ബൈഡൻ തെളിയിച്ചുവെന്ന്. ഡൊണാൾഡ് ട്രംപും അങ്ങിനെ തന്നെയാണ്."
ബൈഡൻ ആദ്യം അധികാരം ഏറ്റപ്പോൾ ഉണ്ടായിരുന്നതിനേക്കാൾ പ്രായമുണ്ടാവും ട്രംപ് വീണ്ടും പ്രസിഡന്റായാൽ. ബൈഡന്റെ മാനസിക നിലയെ പരിഹസിക്കുന്ന ട്രംപും പ്രായത്തിന്റെ വീഴ്ചകൾ പതിവായി പ്രകടമാക്കുന്നു എന്നതാണ് സത്യം.
ട്രംപിനു നാവു പിഴയ്ക്കുന്നതെല്ലാം ആയുധമാക്കാൻ ഡിസാന്റിസ് സഹായികൾ ശ്രമിക്കുന്നുണ്ട്. ഒബാമയെ കുറിച്ച് പറഞ്ഞു വന്ന ട്രംപ് ബൈഡനിലേക്കു കയറിപ്പോയത് അതിലൊന്നാണ്. 2016ൽ മത്സരിച്ച ട്രംപ് അല്ല ഇപ്പോൾ കാണുന്നതെന്നു ഡിസാന്റിസ് ചൂണ്ടിക്കാട്ടുന്നു. ബൈഡനു അദ്ദേഹത്തെ തോൽപിക്കാൻ കഴിയും എന്നാണ് ഗവർണറുടെ നിഗമനം.
താൻ പ്രസിഡന്റായാൽ രണ്ടു തവണ ഭരിക്കുമെന്നും വലിയ നേട്ടങ്ങൾ കൈവരിക്കുമെന്നും ഡിസാന്റിസ് പറഞ്ഞു.