മംദാനിയോടുള്ള വിയോജിപ്പ്: സ്റ്റാറ്റൻ ഐലൻഡ് ന്യൂയോർക്കിൽ നിന്ന് വേർപെടുമോ?

New Update
N

ന്യൂയോർക്ക്: പുതുതായി അധികാരമേറ്റ മേയർ സൊഹ്റാൻ മംദാനിയോടുള്ള അതൃപ്തി സ്റ്റാറ്റൻ ഐലൻഡിൽ വീണ്ടും ഭിന്നിപ്പിനും വേർപെടുന്ന ചിന്തയിലേക്കും വഴിവയ്ക്കുന്നതായി റിപ്പോർട്ട്. നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ മംദാനിക്ക് ഏറ്റവും കുറഞ്ഞ പിന്തുണ നൽകിയ ബറോയായ സ്റ്റാറ്റൻ ഐലൻഡിൽ, അദ്ദേഹത്തിന്റെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നയങ്ങൾ ആശങ്കയും പ്രതിഷേധവും ഉയർത്തുന്നുവെന്നാണ് പ്രാദേശിക പ്രതികരണം.

Advertisment

ഡിസംബർ മധ്യത്തിൽ ബറോ സന്ദർശിച്ച് നിവാസികളെ സമീപിക്കാൻ മംദാനി ശ്രമിച്ചെങ്കിലും, ആ സന്ദർശനം പലരിലും അസ്വസ്ഥത വർധിപ്പിക്കുകയാണ് ചെയ്തതെന്ന് വിമർശകർ പറയുന്നു.

സ്റ്റാറ്റൻ ഐലൻഡ് സോഷ്യലിസ്റ്റ് മാതൃക സ്വീകരിക്കുന്നില്ല എന്ന് ബറോ പ്രസിഡൻറ് വിറ്റോ ഫോസെല്ല വ്യക്തമാക്കി. നഗര ഭരണകൂടം തങ്ങളുടെ മുൻഗണനകൾ അവഗണിക്കുന്നുവെന്ന് ജനങ്ങൾക്ക് തോന്നുന്നുവെങ്കിൽ, സ്വന്തം ഭാവി സ്വയം നിർണയിക്കാൻ മാറി ചിന്തിക്കാൻ അവർക്കുള്ള അവകാശം നിഷേധിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

സ്റ്റാറ്റൻ ഐലൻഡ് 1990-കളിൽ തന്നെ ന്യൂയോർക്ക് നഗരത്തിൽ നിന്ന് വേർപെടാൻ ശ്രമിച്ചിരുന്നു. അന്ന് നടത്തിയ പഠനത്തിനും റഫറണ്ടത്തിനും ശേഷം, ഏകദേശം 65% നിവാസികൾ ഇതിനെ പിന്തുണച്ചെങ്കിലും, അൽബനിയിലെ നിയമസഭ ഈ പദ്ധതി തള്ളുകയായിരുന്നു.

വർഷങ്ങളായി അടങ്ങിയിരുന്ന അതൃപ്തി വീണ്ടും ഉയരുന്ന സാഹചര്യത്തിൽ 2023-ൽ ഫോസെല്ല വേർപെടുന്നതിനെപ്പറ്റിയുള്ള പഠനത്തിന് ഫണ്ട് രൂപീകരിച്ചിരുന്നു. ഏകദേശം 4.93 ലക്ഷം ജനസംഖ്യയുള്ള സ്റ്റാറ്റൻ ഐലൻഡ് ഒരു സ്വതന്ത്ര നഗരമായാൽ, അത് മയാമിയെയോ ക്ലീവ്ലൻഡിനെയോക്കാൾ വലുതായിരിക്കും.

പ്രചാരണകാലത്ത് സ്റ്റാറ്റൻ ഐലൻഡ് മംദാനി വളരെ കുറച്ച് തവണ മാത്രമാണ് സന്ദർശിച്ചത്. പലപ്പോഴും അവിശ്വാസവും പ്രതിഷേധവും നേരിടേണ്ടതായും വന്നു.

സ്റ്റാറ്റൻ ഐലൻഡുകാരുടെ ആശങ്കകൾ തങ്ങളുടെ ഭരണകൂടം പരിഹരിക്കുമെന്ന് മംദാനി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. 'സിറ്റി ഓഫ് യെസ്' പോലുള്ള നഗര വികസന പദ്ധതികൾ മന്ദഗതിയിലാക്കണമെന്ന ആവശ്യവും കുറഞ്ഞ നിരക്കിൽ താമസ സൗകര്യം ഉറപ്പാക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രചാരണ വാഗ്ദാനവും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന വിമർശനവും ശക്തമാണ്. അതേസമയം, നിർദേശിച്ചിരിക്കുന്ന 'ഫാസ്റ്റ് ആൻഡ് ഫ്രീ' ബസ് സർവീസിന്റെ ഗുണഫലം സ്റ്റാറ്റൻ ഐലൻഡുകാർക്കും ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

സ്റ്റാറ്റൻ ഐലൻഡ് ന്യൂയോർക്ക് നഗരത്തിന്റെ നിർണായക ഭാഗമാണെന്നും അഞ്ചു ബറോകളുടെ കഥ സ്റ്റാറ്റൻ ഐലൻഡ് ഇല്ലാതെ പറയാനാവില്ല എന്നുമാണ് വേർപെടുന്നതുമായി ബന്ധപ്പെട്ട് മംദാനി പ്രതികരിച്ചത്.

മറൈനേഴ്സസ്‌ ഹാർബറിൽ സ്ഥിതി ചെയ്യുന്ന ബറോയിലെ ഏറ്റവും പഴക്കമുള്ള മസ്ജിദായ മസ്ജിദ് ഉൻ നൂർ സന്ദർശിച്ചപ്പോഴും, 'രാഷ്ട്രീയത്തിലെ ഒരു ബാധ്യതയല്ല, മറിച്ച് ഒരു അവസരമാണ് സ്റ്റാറ്റൻ ഐലൻഡ്' എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ വലതുപക്ഷ അനുകൂലികൾ കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്.'ഹോം ടാക്സ് അതിരുകവിഞ്ഞിരിക്കുന്നു, ദ്വീപ് അതിയായി തിരക്കിലാണ്,' എന്നിങ്ങനെയുള്ള അഭിപ്രായങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. 'സിറ്റി ഓഫ് യെസ്' പദ്ധതികൾ നിർത്തണമെന്നും, സ്റ്റാറ്റൻ ഐലൻഡ് മറ്റു ബറോകളെപ്പോലെ മാറ്റാനാവില്ലെന്നും ചിലർ തുറന്നടിക്കുന്നു.

വേർപാട് ചർച്ചകൾക്ക് വീണ്ടും നേതൃത്വം നൽകുന്ന പ്രധാന ശബ്ദങ്ങളിൽ ഒരാളാണ് അസംബ്ലിമാൻ സാം പിറോസോളോ. മംദാനിയുടെ അധികാരമേൽപ്പ് ഈ വിഷയത്തിൽ വീണ്ടും വലിയ ചർച്ചയ്ക്ക് വാതിൽ തുറന്നിരിക്കുകയാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവംബറിൽ ഏകദേശം 60 പേരെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിൽ, അദ്ദേഹം 'സ്റ്റാറ്റൻ ഐലൻഡ് ഇൻഡിപെൻഡൻസ് ഡിക്ലറേഷൻ' വായിക്കുകയും, ഡസൻ കണക്കിന് പേർ അതിൽ ഒപ്പുവെക്കുകയും ചെയ്‌തതായി റിപ്പോർട്ടുണ്ട്. നിലവിൽ ഔദ്യോഗിക ഹർജിയോ റഫറണ്ടമോ ഇല്ലെന്ന് ഫോസെല്ല വ്യക്തമാക്കി. 'സ്റ്റാറ്റൻ ഐലൻഡിൻ്റെ താൽപ്പര്യത്തിന് ഏറ്റവും നല്ലത് എന്താണോ, അതിനെ ഞങ്ങൾ പിന്തുണയ്ക്കും അത് മേയറിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതായാലും, അകലം പാലിക്കുന്നതായാലും,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisment